സാരഥിയുടെ സന്ദേശം 

രാജ്യത്ത് ഇന്ന് പ്രശ്‌നങ്ങള്‍ നേരിടാത്ത ഒരു വിഭാഗവുമില്ല. കര്‍ഷകര്‍, ദലിതുകള്‍, ആദിവാസികള്‍, തൊഴിലാളികള്‍, സര്‍ക്കാറുദ്യോഗസ്ഥര്‍, പ്രവാസികള്‍, ചെറുകിട കച്ചവടക്കാര്‍, യാത്രക്കാര്‍, ചെറുകിട സംരംഭകര്‍, മത്സ്യതൊഴിലാളികള്‍ തുടങ്ങി വളരെ നീണ്ട പട്ടികയാണ് പ്രശ്‌നങ്ങള്‍ നേരിടുന്ന ജനവിഭാഗങ്ങളായി നിരത്താന്‍ കഴിയുക. കഴിഞ്ഞ കുറച്ചു നാളുകളായി കേന്ദ്രവും സംസ്ഥാനവും ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാറുകളുടെ നയസമീപനങ്ങളാണ് ഈ നീണ്ടപട്ടികക്ക് ഹേതുവായത്. വികസനം വന്നുവെന്നും വന്നുകൊണ്ടിരിക്കുന്നുവെന്നുമാണ് സര്‍ക്കാറുകളുടെ അവകാശ വാദം. ഇന്‍ഫ്രാസ്ട്രച്ചര്‍ തലത്തില്‍ പരിശോധിച്ചാല്‍ അത് ചില അര്‍ത്ഥത്തില്‍ ശരിയാണ്. എന്നാല്‍ അതേ ശരിയുടെ കാരണങ്ങളാല്‍ തന്നെ ജിവിതം സ്തംഭിച്ചവരാണ് രാജ്യത്തെ ബഹുഭൂരിപക്ഷം പേരും. തൊണ്ണൂറുകളില്‍ രാജ്യത്ത് പുതിയ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കിയ ശേഷം ജനജീവിതത്തിലുണ്ടാക്കിയ ഗുണങ്ങളും പ്രത്യാഘാതങ്ങളും പരിശോധിച്ചാല്‍ അടിസ്ഥാന ജനവിഭാഗത്തെ സംബന്ധിച്ചടുത്തോളം നഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. വിചിത്രമായ കാര്യം പുത്തന്‍ സാമ്പത്തിക നയം സ്വീകരിച്ച അതേ കാലഘട്ടത്തില്‍ തന്നെയാണ് അധികാര വികേന്ദ്രീകരണം എന്ന ആശയം രാജ്യത്ത് നടപ്പാക്കിയതും പഞ്ചായത്ത് രാജ് നഗരപാലിക ബില്ലുകള്‍ അതിനായി പാര്‍ലമെന്റും നിയമനിര്‍മ്മാണ സഭകളും പാസ്സാക്കിയതും. അധികാര വികേന്ദ്രീകരണത്തിന്റെ കാതലായ താത്പര്യം ജനങ്ങള്‍ക്കാവശ്യമായ വികസനം ജനങ്ങളില്‍ നിന്നുയര്‍ന്നുവന്ന് അവര്‍ തന്നെ അത് നടപ്പാക്കുന്നു എന്നതാണ്. ആ അര്‍ത്ഥത്തില്‍ അതിന്റെ ആത്മാവ് പോയിട്ട് പ്രേതം പോലും ആവാഹിച്ച രീതിയിലല്ല വികസനത്തിന്റെ ആസൂത്രണങ്ങള്‍ നടക്കുന്നത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പെരുവഴിയിലായിരിക്കുമ്പോഴും അവരാവശ്യപ്പെടാത്തതും അവരുടെ ജീവിതത്തെ സ്തംഭിപ്പിക്കുന്നതുമായ വന്‍ പദ്ധതികള്‍ മുകളില്‍ നിന്നു താഴേക്ക് ഇടിത്തീയായി വീണുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാകണം രാജ്യമെങ്ങും ജനങ്ങള്‍ പല തരത്തില്‍ പ്രക്ഷോഭത്തിലിറങ്ങുന്നതും. ജങ്ങള്‍ക്കധികാരം എന്നത് ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്നില്ല. സര്‍ക്കാറുകളാകട്ടെ ജനങ്ങളെ കണ്ട മട്ടില്ല. മന്‍മോഹന്‍ സിംഗ് അധികാരമൊഴിഞ്ഞപ്പോള്‍ അദ്ദേഹം ആണവകരാര്‍ നടപ്പാക്കിയ നിമിഷത്തെയോര്‍ത്താണ് അഭിമാനം കൊണ്ടത്. തന്റെ തന്നെ സര്‍ക്കാര്‍ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതിയെപ്പറ്റിയോ ജനങ്ങള്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനത്തെപ്പറ്റിയോ അദ്ദേഹം അഭിമാനിച്ചു കണ്ടില്ല. ആണവകരാര്‍ രാജ്യത്തിന് എത്രമാത്രം അപകടം വരുത്തിവയക്കുമെന്ന് നാം ഇനി കാണാനിരിക്കുന്നതേയുള്ളൂ. മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം ജനവിരുദ്ധതയും കോര്‍പ്പറേറ്റുവത്കരണവും അതിദ്രുതം പുരോഗമിക്കുകയാണ്. ഭൂമിയെറ്റെടുക്കല്‍ ഓര്‍ഡിനന്‍സ്, ഔഷധവിലനിയന്ത്രണത്തില്‍ വരുത്തിയ മാറ്റങ്ങള്‍, പെട്രോളിയം വിലനിയന്ത്രണം എടുത്തുമാറ്റല്‍, പുതിയ തൊഴില്‍ നിയമങ്ങള്‍, ആണവബാധ്യതാ ബില്ലില്‍ വരുത്തിയ മാറ്റങ്ങള്‍, മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള ധൃതി തുടങ്ങി വിവിധ ജനവിഭാഗങ്ങളുടെ ജീവിതം വഴിമുട്ടിക്കുന്ന നീക്കങ്ങള്‍ നടപ്പില്‍വരുത്തിക്കൊണ്ടിരിക്കുന്നു. പ്രതിരോധ മേഖല, ചെറുകിട വ്യാപാര മേഖല, റെയില്‍വേ എന്നിവടയടക്കം വിദേശ സ്വദേശ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍പനക്ക് വെക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവും ജനങ്ങള്‍ക്ക് സേവന നികുതിയില്‍ വര്‍ദ്ധനവും വരുത്തുന്നു. ഈ നീക്കങ്ങളിലൂടെ ജീവിതം വഴി മുടങ്ങിയവര്‍ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ തുടങ്ങുന്നതിനെ തടയിടാന്‍ മോദിയും കൂട്ടരും കണ്ട വഴി രാജ്യത്തെ വര്‍ഗീയമായി ചേരിതിരിപ്പിക്കുക എന്നതാണ്. അതിനാണ് സംഘ്പരിവാറിന്റെ നേതാക്കളും മോദി മന്ത്രിസഭയിലെ മന്ത്രിമാരും ബി.ജെ.പി എം.പിമാരും എരിതീയില്‍ എണ്ണയൊഴിക്കുന്ന രീതിയില്‍ അത്യന്തം മാരകവും തീവ്രവര്‍ഗീയപരവുമായ പ്രസ്താവനകളിറക്കുന്നത്. ഘര്‍വാപസി പോലെയുള്ള വൈകാരിക പരിപാടികളുമായി അവര്‍ വരികയാണ്. രാജ്യത്തിന്റെ അന്തരീക്ഷം കലുഷിതമാക്കുക എന്നതു മാത്രമാണ് അവരുടെ ഉദ്ദേശ്യം. നോക്കുക പാര്‍ലമെന്റില്‍ ഇത്തരം വിഷയങ്ങളുടെ മേല്‍ പ്രതിപക്ഷം ഒച്ച ഉയര്‍ത്തുന്ന തക്കത്തിലാണ് മിക്കവാറും എല്ലാ ജനദ്രോഹ സമീപനങ്ങളും നിയമങ്ങളായി വരുന്നത്. എങ്ങും ചര്‍ച്ചയില്ലാതെ ആരാലും അറിയാതെ രാജ്യത്തെ ചില്ലറയായി കോര്‍പ്പറുകളുടെ കാല്‍പാദത്തിലേക്ക് വെച്ചുകൊടുക്കുകയാണ് മോദി സര്‍ക്കാര്‍. കേരളത്തില്‍ സ്ഥിതിഗതികള്‍ സമാനമായി കലുഷിതം തന്നെയാണ്. കേരളം കണ്ട ഏറ്റവും മോശമായ ദുര്‍ഭരണമാണ് ഇപ്പോള്‍ നടമാടുന്നത്. അക്കക്കണക്കില്‍ ഭരണകക്ഷിയും പ്രതിപക്ഷവും തമ്മില്‍ വലിയ വ്യത്യാസമില്ലെങ്കിലും പ്രതിപക്ഷ ഉപദ്രവം നേരിടാതെ അജയ്യനായാണ് എല്ലാ ധാര്‍മ്മിക സീമകളും ലംഘിച്ച് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് തട്ടിപ്പുകാര്‍ നിരങ്ങുക, മന്ത്രിസഭയിലെ മന്ത്രിമാരില്‍ ഒട്ടുമിക്കപേരും നിരവധി വിജിലന്‍സ് അന്വേഷണങ്ങള്‍ നേരിടുക, ബജറ്റ് രഹസ്യങ്ങളടക്കം ചോര്‍ത്തി എല്ലാവരോടും ഇരന്നു കോഴ വാങ്ങുന്നതായി ധനമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉയരുക, മാഫിയകള്‍ക്കു വേണ്ടി എല്ലാ ഒത്താശകളും ചെയ്യുക, ഇതെല്ലാം ആയിരിക്കെ അപാരമായ ചര്‍മ്മ സൗഭാഗ്യ ബലത്തില്‍ യാതൊരു ഉളുപ്പും ഇല്ലാതെ മുഖ്യമന്ത്രിയും കൂട്ടരും ഭരണത്തില്‍ വിരാജിക്കുകയാണ്. മാണിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിനും ജനാധിപത്യത്തിനും എന്നെന്നേക്കുമായി നാണക്കേടുണ്ടാക്കിയ കേരള നിയമസഭയിലെ ബജറ്റവതരണം കേരളം ഒരുകാലത്തും മറക്കാനിടയില്ല. ആ കോലഹലത്തിനിടക്ക് അവതരിപ്പിക്കപ്പെട്ട ബജറ്റാകട്ടെ അതി ജനദ്രോഹപരമാണ്. പക്ഷേ അതിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷത്തിനാവുന്നില്ല. ആസിയാന്‍ കരാറുയര്‍ത്തിയ കെണിയില്‍ നിന്ന് മലയോര കര്‍ഷകരെ രക്ഷിക്കാനോ തീരദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ, ആദിവാസി-ദലിത് വിഭാഗങ്ങളുടെ ഉന്നമനമോ വിലക്കയറ്റം നേരിടാനുള്ള പോംവഴികളോ ഭൂരഹിതരുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമോ ബജറ്റ് നോക്കിയാല്‍ കാണാനാവുന്നില്ല. പകരം വിലക്കയറ്റം ഉയര്‍ത്തുന്ന, സാധാരണക്കാരന്റെ ജീവിത ഭാരം ഇനിയും വര്‍ദ്ധിപ്പിക്കുന്ന, യാത്രാ ക്ലേശമുയര്‍ത്തുന്ന നിലപാടുകളാണ് ബജറ്റ് വായിച്ചാല്‍ കാണാന്‍ കഴിയുക. പക്ഷേ അതിനുപകരം നിയമസഭില്‍ നടന്ന ലഢുവിതരണം, കടി, മേശ തകര്‍ക്കല്‍, പിടിവലി എന്നിവയിലേക്ക് വിഷയത്തെ സമര്‍ത്ഥമായി മാറ്റുന്നതിന് ഉമ്മന്‍ ചാണ്ടിയും മാണിയും ഒരുക്കിയ കെണിയില്‍ പ്രതിപക്ഷം വീണിരിക്കുന്നു. മുന്‍കാല സമരങ്ങള്‍ ഒത്തുകളി ആയിരുന്നുവെന്ന് ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐ തന്നെയാണല്ലോ ആരോപിച്ചത്. അതുപോലെ തന്നെ ആയിരുന്നോ ഇതുമെന്നും ഇനിയും നമുക്കു കാത്തിരുന്നു കാണാം. ഇവിടെ ജനങ്ങളുടെ ശബ്ദം ഉയരേണ്ടതുണ്ട്. ജീവിതത്തിന്റെ രണ്ടറ്റവും എത്തിക്കാന്‍ പെടാപ്പാടുന്നവരുണ്ട്. കോര്‍പ്പറേറ്റുവത്കരണത്തിന്റെ ഫലമായി തൊഴിലവകാശം നിഷേധിക്കപ്പെട്ടവര്‍, പോഷകാഹാരക്കുറവുമൂലം ചാപിള്ളകളെ പ്രസവിക്കേണ്ടി വരുന്ന ആദിവാസി അമ്മമാരുടെ പ്രശ്‌നം, തീരുന്നില്ല തലചായ്ക്കാന്‍ കൂരയില്ലാത്ത നിരവധി മനുഷ്യരുടെ പ്രശ്‌നങ്ങളുണ്ട്. ഒരുതുണ്ട് ഭൂമിയില്ലാത്ത മുന്നുലക്ഷത്തില്‍ പരം കുടുംബങ്ങളുടെ പ്രശ്‌നമുണ്ട്, വിലയില്ലാതായ റബ്ബറിനെ നോക്കി നെടുവീര്‍പ്പിടേണ്ടി വരുന്ന ചെറുകിട റബ്ബര്‍ കര്‍ഷകര്‍, വറുതിയിലായ മത്സ്യതൊഴിലാളികള്‍, തൊഴിലവകാശം നിഷേധിക്കപ്പെടുന്ന സ്ത്രീ തൊഴിലാളികള്‍ ഇങ്ങനെ നിരവധി പ്രശ്‌നങ്ങളെ ഉയര്‍ത്താന്‍ ഇവിടെ ശബ്ദമുയരേണ്ടതുണ്ട്. കോര്‍പ്പറേറ്റുവത്കരണവും വര്‍ഗീയതയും അഴിമതിയും എല്ലാ പ്രശ്‌നങ്ങള്‍ക്കും പുറകിലുണ്ട്. ഇവ പരസ്പരം സഹായകരവും ഒന്നിന്റെ തന്നെ വിവിധ ഭാവങ്ങളുമാണ്. അവയെ ചെറുക്കുകയും ജനാധിപത്യ ബദല്‍ കെട്ടിപ്പെടുക്കുകയും ചെയ്യുക എന്നത് സമകാലിക കേരളത്തിന്റെ ആഗ്രഹമാണ്. അധികാരം ജനങ്ങള്‍ക്കു പൂര്‍ണ്ണമായും ലഭിക്കുന്ന, അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കു പരിഗണന ലഭിക്കുന്ന അവസ്ഥ സംജാതമാകണം. ജനഹിതം നിറവേറ്റപ്പെടുന്ന പുതിയ രാഷ്ട്രീയ ബദല്‍ എന്ന ദൗത്യം ഏറ്റെടുത്തുകൊണ്ടാണ് കോര്‍പ്പറേറ്റ്-വര്‍ഗീയ-അഴിമതി മുക്ത കേരളത്തിനായി ഏപ്രില്‍ 10 മുതല്‍ മെയ് 4 വരെ ജനഹിത രാഷ്ട്രീയ മുന്നേറ്റയാത്രയുമായി വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ടുവരുന്നത്. എല്ലാ ജനവിഭാഗങ്ങളും ഈ സംരഭത്തെ പിന്തുണക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം.
ഹമീദ് വാണിയമ്പലം 
പ്രസിഡണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടി.