പ്രവാസി

കേരളം നേടിയെടുത്ത സാമൂഹികവും സാമ്പത്തകവുമായ വളര്‍ച്ച ആടുജീവിതത്തെ ഓര്‍മ്മിപ്പിക്കാതെ ആഘോഷിക്കുന്നത് നന്ദികേടാണ്. കേരള വികസനത്തിന്റെ ഇടത്-വലത് അനുഭവങ്ങള്‍ പൗരദ്രോഹത്തിന്റെയും പരിസ്ഥിതി വിരുദ്ധതയുടെയും ആഘോഷങ്ങള്‍ മാത്രമാണ്. ദാരിദ്ര്യത്തെ ഇല്ലാതാക്കിയും പുതിയ തലമുറയെ വിദ്യാഭ്യാസം ചെയ്യിച്ചും കേരളത്തെ ഐശ്വര്യപൂര്‍ണ്ണമാക്കുന്നത് ജീവിതത്തിന്റെ ഋതുഭേദങ്ങള്‍ അറിയാന്‍ പോലും മറന്നുപോയ പ്രവാസികളാണ്. കുടുംബത്തിന്റെ ഭാവിയെക്കുറിച്ച ആകുലതയാല്‍ സ്വന്തം ജീവിതത്തിന്റെ നല്ലകാലത്തെ മരുഭൂമിയുടെ ചുടുമണലില്‍ ഹോമിച്ചവര്‍. അവര്‍ പരത്തുന്ന ഐശ്വര്യത്തിന്റെ അത്തര്‍ മണമാണ് നാം ആസ്വദിക്കുന്നത്. അവരുടെ വിയര്‍പ്പിനെക്കുറിച്ച് നമുക്കറിയില്ല. അറിയിക്കാന്‍ അവര്‍ ശ്രമിച്ചിട്ടുമില്ല. അവര്‍ മറച്ചുവെച്ച സത്യങ്ങളാണ് ആടുജീവിതം നമുക്ക് പറഞ്ഞുതരുന്നത്. വിദേശ നാടുകള്‍ സന്ദര്‍ശിക്കുന്ന മാന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, മതപണ്ഡിതന്മാര്‍ ഗള്‍ഫ് നാടുകളിലെ കണ്ണഞ്ചിപ്പിക്കുന്ന കെട്ടുകാഴ്ചകള്‍ക്കപ്പുറത്തേക്ക്, അതിന്റെ മൗനങ്ങളെ വായിക്കാന്‍ ശ്രമിച്ചിട്ടില്ല. സംഘടനാ ശേഷിയില്‍ ഹോട്ടലുകളില്‍ വിളിച്ചുചേര്‍ക്കപ്പെടുന്ന വലിയ മലയാളി സദസ്സുകളില്‍ പ്രസംഗിച്ചും സൗകര്യമുള്ളവരുടെ ആര്‍ഭാടമായി ആഥിത്യത്തിലും വിലപടിച്ച സമ്മാനങ്ങളുമായി മടങ്ങിപ്പോരുന്നവരെ പ്രവാസികള്‍ ഒന്നും അറിയിച്ചിട്ടില്ല. അവരിലെ വിയര്‍പ്പിന്റെ ചൂരും പ്രസന്ന മുഖത്ത് ഒളിഞ്ഞിരിക്കുന്ന ദീനതയും അറിയാന്‍ ആരും ശ്രമിച്ചിട്ടുമില്ല. അതുകൊണ്ട് എല്ലാവര്‍ക്കും അവര്‍ കറവപ്പശുവായി; കുടുംബങ്ങള്‍ക്കും, പാര്‍ട്ടിക്കാര്‍ക്കും, നാട്ടുകാര്‍ക്കും. 1960 കളില്‍ വന്‍തോതില്‍ എണ്ണ കണ്ടെത്തിയത് ഗള്‍ഫ് നാടുകളുടെ വികസനത്തിനും വളര്‍ച്ചക്കും കാരണമായി. അടിസ്ഥാന സൗകര്യ വികസനത്തിനും വ്യവസായ സംരംഭങ്ങള്‍ക്കും ജനസംഖ്യ വളരെ കുറഞ്ഞ ഈ രാജ്യങ്ങള്‍ക്ക് പുറത്തുനിന്നും തൊഴില്‍ ശക്തി അനിവാര്യമായി. നമ്മുടെ നാട്ടില്‍ നിന്നും ജോലി തേടി ഗള്‍ഫ് യാത്ര ആരംഭിക്കുന്നത് ഈ സാധ്യതയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്. 1970കള്‍ക്ക് ശേഷമാണ് മലയാളികള്‍ ഗള്‍ഫ് നാടുകളിലേക്ക് എത്തിത്തുടങ്ങിയത്. നാട്ടില്‍ മാന്യമായ ജീവിതം ഉറപ്പാക്കുന്നതിനും സാമ്പത്തികാഭിവൃദ്ധി നേടിയെടുക്കുന്നതിനുമാണ് മലയാളി ഗള്‍ഫ് നാടുകളിലെത്തിയത്. ഇത് ക്രമാതീതമായി വര്‍ദ്ധിച്ച് തൊണ്ണൂറുകളിലെത്തിയപ്പോള്‍ ഏകദേശം 30 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ലിബിയ, ഒമാന്‍, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നു.യൂറോപ്പിലേക്കുള്ള കുടിയേറ്റത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഗള്‍ഫ് നാടുകളിലേക്കുള്ള കുടിയേറ്റം. അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കുടിയേറിയ ഇന്ത്യക്കാര്‍ അവിടെ സ്ഥിരതാമസക്കാരായി മാറുകയോ പൗരത്വും സ്വീകരിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ശരാശരി പത്ത് വര്‍ഷമാണ് അവിടെ ചിലവഴിക്കുന്നത്. ലോകബാങ്കിന്റെ കണക്കനുസരിച്ച് ഏറ്റവുമധികം വിദേശനാണ്യം (പ്രവാസികളിലൂടെ) ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉദ്പാദനത്തിന്റെ (ജി.ഡി.പി) 4.2% വരുമിത്. ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസി പണത്തില്‍ 47% ഗള്‍ഫ് നാടുകളില്‍ നിന്നാണ്. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള പ്രവാസി നിക്ഷേപം 2009ല്‍ 38% ആയിരുന്നത് 22% ആയി കുറഞ്ഞു. കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നത് പ്രവാസി നിക്ഷേപമാണ്. ലോക സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ഇന്ത്യ കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചപ്പോള്‍ കേരളത്തെ അതില്‍ നിന്നും രക്ഷപ്പെടുത്തിയത് ആ സമയത്തുണ്ടായ വര്‍ദ്ധിച്ച പ്രവാസി നിക്ഷേപമാണ്. സംസ്ഥാനത്തെ ആകെ ജനസംഖ്യ 3.37 കോടിയാണ്. ഇതിന്റെ 20% നേരിട്ടും അതിന്റെ എത്രയോ ഇരട്ടി പരോക്ഷമായും പ്രവാസികളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തലെ വിവിധ ബാങ്കുകളിലെ പ്രവാസി നിക്ഷേപം 62708 കോടി രൂപയാണ്. ദേശീയ ശരാശരിയുടെ 31% ശതമാനമാണിത്. കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ 1.8% കൂടുതലാണ് പ്രവാസി വരുമാനമെന്ന് സാമ്പത്തിക സര്‍വ്വേ പറയുന്നു. സംസ്ഥാനത്തിന് ലഭിക്കുന്ന കേന്ദ്ര വിഹിതത്തിന്റെ 5.5 മടങ്ങ് വരും പ്രവാസി നിക്ഷേപം. കയറ്റുമതി രംഗത്ത് നിന്നുള്ള വരുമാനത്തിന്റെ പതിന്മടങ്ങ് വരുമിത്. മെച്ചപ്പെട്ട ശമ്പളം വാങ്ങി കുടുംബ സമേതം ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്നവര്‍ വളരെ കുറവാണ്. വൈറ്റ് കോളര്‍ ജോലികള്‍ സ്വദേശികളിലും അതിവിദഗ്ധരായ പ്രവാസികളിലും നിക്ഷിപ്തമാണ്. മൊത്തം ഇന്ത്യന്‍ പ്രവാസികളില്‍ 20 ശതമാനമാണിത്. 70 ശതമാനം വരുന്ന അവിദഗ്ധരായ തൊഴിലാളികള്‍ കുറഞ്ഞ ശമ്പളവും കടുപ്പമേറയതുമായ ജോലികളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. വീട്ടുവേലക്കാര്‍, ഡ്രൈവര്‍മാര്‍, പാചകക്കാര്‍, പരിചാരകര്‍, തോട്ടക്കാര്‍ എന്നീ തൊഴില്‍ മേഖലകളില് തൊഴിലുടമയുടെ ചൂഷണവും മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവാസി വിധേയമാകുന്നുണ്ട്. കുടത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഇത്തരം തൊഴില്‍ മേഖലകളില്‍ നടക്കുന്നത്. വീട്ടുജോലിക്കാരായ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് കൃത്യമായി ശമ്പളം പോലും നല്‍കാതെ ക്രൂര മര്‍ദ്ദനങ്ങള്‍ക്കിരയാകുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. തൊഴിലാളികളെ സംരക്ഷിക്കുന്ന തൊഴില്‍ നിയമങ്ങള്‍ പലയിടങ്ങളിലും ഉണ്ടെങ്കിലും ഭാഷ വശമില്ലാത്തത് കൊണ്ടും നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന നിയമങ്ങള്‍ മനസ്സിലാക്കി കോടതികളെ സമീപിക്കാന്‍ അടിമത്ത സമാനമായ സാഹചര്യങ്ങളും കൂടിയ സാമ്പത്തിക ചെലവുകളും അനുവദിക്കാത്തതുകൊണ്ടും പ്രവാസികള്‍ക്ക് നിയമ പരിരക്ഷ കിട്ടാറില്ല. എംബസികളും കോണ്‍സുലേറ്റുകളുമാകട്ടെ ചൂഷണത്തിന് വിധേയരാകുന്ന ഇന്ത്യന്‍ പൗരനെ രക്ഷിക്കുന്നത് ബാധ്യതയായി പോലും മനസ്സിലാക്കുന്നില്ല. പലപ്പോഴും സന്നദ്ധ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരുമാണ് ഇവരുടെ രക്ഷക്കെത്തുന്നത്. തൊഴിലുടമകളുടെ പീഢനം സഹിക്കാതെ വരുമ്പോള്‍ ഒളിച്ചോടിപ്പോകുന്ന ചിലരെങ്കിലും മനോനില തെറ്റി തെരുവില്‍ അലയുന്നവരാണ്. ആത്മഹത്യയില്‍ അഭയം തേടിയവരുമുണ്ട് അവരുടെ കൂട്ടത്തില്‍. ഒളിച്ചോടിപ്പോകുന്നവരില്‍ അധികപേരും ജയിലുകളിലോ ഡിപ്പോര്‍ട്ടേഷന്‍ സെന്ററുകളിലോ ആണ് എത്തിച്ചേരുക. ഇവരുടെ കടലാസുകള്‍ ശരിപ്പെടുത്തി ടിക്കറ്റെടുത്ത് നാട്ടിലേക്ക് പറഞ്ഞയക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും വിദേശത്ത് മരണപ്പെടുന്നവരുടെ ബോഡി നിയമപരവും സാങ്കേതികവുമായ തടസ്സങ്ങല്‍ നീക്കി നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന സംഘടനകളെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. തൊഴില്‍ മേഖലയില്‍ ദുരിതം തിന്ന് കഴിയുന്നവരാണ് നിര്‍മ്മാണത്തൊഴിലാളികള്‍. മരുഭൂമിയിലെ തുറന്ന സ്ഥലങ്ങളില്‍ പൊള്ളുന്ന വെയിലത്ത് ബില്‍ഡിംഗ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുവരുടെ സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ അങ്ങേയറ്റത്തെ മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്ന് ബോധ്യമാവും. ലേബര്‍ ക്യാമ്പുകളിലാണ് ഇവര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. ഇടുങ്ങിയ മുറികളില്‍ ത്രീ ടയര്‍ സംവിധാനത്തില്‍ ധാരാളം പേരെ ഒരുമിച്ച് താമസിപ്പിക്കുകയും പ്രാഥമികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ ബാത്ത്‌റൂം സംവിധാനങ്ങള്‍ പോലും ഒരുക്കാതെ കഷ്ടപ്പെടുത്തുന്നതും ലേബര്‍ ക്യാമ്പുകളില്‍ പോയി നേരിട്ട് കാണാന്‍ സാധിച്ചിട്ടുണ്ട്. അതിരാവിലെ നാല് മണിക്ക് മുമ്പ് എഴുന്നേറ്റ് ബാത്ത്‌റൂമിന്റെ മുന്നില്‍ ക്യൂ നില്‍ക്കണം. തൊഴില്‍ സ്ഥലത്തേക്ക് പോകുന്നതിന് എത്തിച്ചേരുന്ന കമ്പനി ബസ്സിന് ആറ് മണിക്ക് മുമ്പ് തയ്യാറായി നില്‍ക്കണം. പ്രവാസികള്‍ അധികപേരും പ്രഭാത ഭക്ഷണം കഴിക്കാറില്ല. ഉച്ചഭക്ഷണത്തിനാകട്ടെ ഖുബ്ബൂസും (റൊട്ടി) തൈരും വാങ്ങി പാത്രത്തിലാക്കി കൊണ്ടുപോകും. വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ് താമസസ്ഥലത്തേക്ക് മടങ്ങി വരുന്നത്. ഇവരുടെ ശരാശരി മാസ ശമ്പളമാകട്ടെ 8000 മുതല്‍ 15000 വരെയായിരിക്കും. തുച്ഛമായ ശമ്പളമായത് കൊണ്ട് സ്വപ്നങ്ങളൊന്നും സാക്ഷാത്കരിക്കാതെ ആര്‍ക്കും വേണ്ടാത്തവരായി രോഗങ്ങളുമായി നാട്ടിലേക്ക് മടങ്ങി വരേണ്ടിവരുന്ന ദയനീയാവസ്ഥയാണ് ഇവരില്‍ പലര്‍ക്കും. വീടും കുടുംബവും ഉപേക്ഷിച്ച് പ്രതികൂല സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസി, പ്രവാസം കൊണ്ടുതന്നെ രോഗിയാവാനുള്ള സാധ്യത അധികമാണ്. രക്തസമ്മര്‍ദ്ദം സ്വദേശികളെക്കാള്‍ എട്ട് മടങ്ങാണ് പ്രവാസികളിലെന്ന് ഗള്‍ഫ് നാടുകളിലെ ചില ഹെല്‍ത്ത് അഥോറിറ്റികള്‍ തന്നെ പറയുന്നു. മാനസിക സമ്മര്‍ദ്ദം, രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ പ്രവാസത്തിന്റെ കൂടപ്പിറപ്പായാണ് കണക്കാക്കുന്നത്. മതിയായ ചികത്സാ സൗകര്യങ്ങളുടെ അഭാവവും ചികിത്സക്ക് വേണ്ടിവരുന്ന വര്‍ദ്ധിച്ച ചെലവും കുറഞ്ഞ ശമ്പളക്കാരായ സാധാരണ പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല. രോഗം കാരണം ലീവ് എടുക്കേണ്ടി വന്നാല്‍ ശമ്പളം നിഷേധിക്കും. അതുകൊണ്ടുതന്നെ രോഗം എത്ര വലുതായാലും വിസക്ക് കൊടുത്ത കാശെങ്കിലും കടം വീട്ടണം എന്ന ചിന്തയോടെ ചികിത്സിക്കാതെ വേദനസംഹാരികള്‍ വാങ്ങിക്കഴിച്ച് ജോലിക്ക് പോകുന്നു. പ്രവാസിയെ മാരക രോഗങ്ങളിലേക്ക് തള്ളിവിടുന്നതിന് ഈ സ്വയം ചികിത്സക്കും പങ്കുണ്ട്. ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ ഒരു സംവിധാനവും എംബസിയിലോ കോണ്‍സുലേറ്റിലോ ഇല്ല. ഗള്‍ഫ് നാടുകളില്‍ സ്വദേശികളേക്കാളും പ്രവാസികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കയോടെയാണ് ഭരണാധികാരികള്‍ കാണുന്നത്. അറബ് വസന്താനന്തരം സ്വന്തം പൗരന്മാരുടെ കാര്യത്തില്‍ അറബ് ഭരണാധികാരികള്‍ കൂടുതല്‍ ജാഗ്രത്താണ്. പ്രത്യേകിച്ചും സൗദി അറേബ്യ. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായുള്ള നിതാഖാത്ത് നിയമം കര്‍ശനമാക്കിയതിലൂടെ പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുകയും അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ ഒഴിവാക്കി പോവേണ്ടതായും വന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. കൂടാതെ മടങ്ങിവരുന്നവരുടെ പുനരധിവാസം പ്രശ്‌നമായിത്തീരും. രാജ്യത്തിന്റെ, പ്രത്യേകിച്ച് കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ നിലനില്‍പ് പൂര്‍ണ്ണമായും പ്രവാസിയുടെ ദിര്‍ഹമിലും റിയാലിലുമായിരിക്കെ പ്രവാസിയുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുവാനും പരിഹരിക്കുവാനും സര്‍ക്കാറിന് ബാധ്യതയുണ്ട്. എന്നാല്‍ വിദേശ നിക്ഷേപകര്‍ക്ക് നികുതിയിളവും പശ്ചാത്തല സൗകര്യങ്ങളും സാധാരണക്കാരെ കുടിയിറക്കി ഭൂമിയടക്കം പിടിച്ചുകൊടുക്കുന്ന നമ്മുടെ സര്‍ക്കാറുകള്‍ പ്രവാസിയുടെ നിക്ഷേപത്തിന് ഒരു വിലയും കല്‍പിക്കുന്നില്ല. നിതാഖാത്ത് നിയമം പ്രവാസികളില്‍ ആശങ്കയുണ്ടാക്കുകയും പലരും നാട്ടിലേക്ക് മടങ്ങിവരികയും ചെയ്തപ്പോള്‍ മാത്രമാണ് കേരള സര്‍ക്കാര്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നത് പോലും. ഗള്‍ഫ് നാടുകളില്‍ എത്ര മലയാളികളുണ്ടെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പോലും സര്‍ക്കാറിന്റെ കൈവശമില്ലെന്നത് നിരുത്തരവാദിത്വത്തിന്റെ തെളിവാണ്. ഒന്നും രണ്ടും വര്‍ഷം ജോലി ചെയ്ത് ഒഴിവുകാലം ഉപയോഗപ്പെടുത്തി നാട്ടിലേക്ക് വരുന്ന പ്രവാസിയെ ടിക്കറ്റിന് ഇരട്ടി നിരക്ക് ഈടാക്കിയാണ് എയര്‍ ഇന്ത്യ ചൂഷണം ചെയ്യുന്നത്. മറ്റ് സെക്ടറില്‍ കൂടുതല്‍ ദൂരം കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ യാത്രാ സൗകര്യം ഒരുക്കുന്ന എയര്‍ ഇന്ത്യ അവിടുത്തെ നഷ്ടം നികത്തുന്നത് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളെ ക്രൂരമായി ചൂഷണം ചെയ്തിട്ടാണ്. പ്രവാസി സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രവാസികളെ യാത്രാദുരിതത്തിന് അറുതി വരുത്താന്‍ സര്‍ക്കാറുകള്‍ തയ്യാറായിട്ടില്ല. കേരളം സ്വന്തമായി ആരംഭിക്കും എന്ന് പ്രഖ്യാപിച്ച എയര്‍ കേരളയെക്കുറിച്ച് യാതൊരു വിവരവും ഇപ്പോള്‍ കേല്‍ക്കുന്നില്ല. ഏറ്റവും ഒടുവില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പ്രവാസി വകുപ്പ് തന്നെ എടുത്തുകളഞ്ഞു. പ്രവാസി മലയാളികളുടേയും കുടുംബങ്ങളുടേയും ക്ഷേമത്തിനും പ്രശ്‌ന പരിഹാരത്തിനും വിവിധ പദ്ധതികളും സംവിധാനങ്ങളും സര്‍ക്കാര്‍ ആവിഷ്‌കരിച്ചെടുത്തു. പ്രവാസി പുനരധിവാസ പദ്ധതി (ചഉജഞഋങ) നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍, പ്രവാസി ലീഗല്‍ അസിസ്റ്റന്റ്, സ്വപ്ന സാഫല്യം പദ്ധതി, സ്വാന്തന പദ്ധതി, എല്ലാ ജില്ലകളിലും നോര്‍ക്ക റൂട്ട് സെല്ലുകള്‍, നോര്‍ക്ക റൂട്ട്‌സ് സാറ്റ്‌ലൈറ്റ് ഓഫീസുകള്‍, ബഹ്‌റൈനിലെ നോര്‍ക്ക സഹായ കേന്ദ്രം, സമഗ്ര പുനരധിവാസ പദ്ധതി, ജോബ് പോര്‍ട്ടല്‍, 24 മണിക്കൂറും ഹല്‍പ്പ്‌ലൈന്‍ കോള്‍സെന്റര്‍, പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പോഗ്രം, കാരുണ്യ പദ്ധതി, കേരള പ്രവാസി കേരളീയ ക്ഷേമനിധി എന്നിവയാണവ. എന്നാല്‍ ഈ പദ്ധതികളൊന്നും കഷ്ടതയനുഭവിക്കുന്ന പ്രവാസിക്ക് ബോധ്യപ്പെടും വിധം പ്രവര്‍ത്തിക്കുന്നില്ല. സംവിധാനങ്ങളെ കുറിച്ച അറിവില്ലായ്മയും ബന്ധപ്പെടുന്നവര്‍ക്ക് ലഭിക്കുന്ന കാര്യക്ഷമതയില്ലാത്ത പ്രതികരണങ്ങളുമാണ് ക്ഷേമ പദ്ധതികളില്‍ നിന്നും പ്രവാസിയെ അകറ്റി നിര്‍ത്തുന്നത്. ക്ഷേമ പദ്ധതികളില്‍ അംഗങ്ങളായവരുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടും. സര്‍ക്കാര്‍ സംരഭങ്ങളെ കുറിച്ച് പ്രവാസികളെ ബോധവല്‍ക്കരിച്ച് പ്രവാസിക്ക് ഉപകരിക്കും വിധം ക്ഷേമ പദ്ധതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയും മാത്രമേ ഇത് പരിഹരിക്കാന്‍ കഴിയൂ. സര്‍ക്കാരും സന്നദ്ധ സംഘടനകളും ഇതിനായി മുന്നിട്ടിറങ്ങണം. മാതൃരാജ്യത്തിനും തൊഴിലെടുക്കുന്ന രാജ്യത്തിനും പ്രവാസികളായ തൊഴിലാളികള്‍ക്കും ഉപകാരപ്പെടുംവിധം ശക്തമായ ഉഭയകക്ഷി കരാറുകളില്‍ ഏര്‍പ്പെട്ടുകൊണ്ട് പ്രവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും നാടിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തുനിന്നും പ്രത്യേക ശ്രദ്ധയുണ്ടാവണം. മാധ്യമങ്ങളിലൂടെ കൊട്ടിഘോഷിക്കപ്പെട്ട പല ഉഭയകക്ഷി കരാറുകളും പരിശോധിച്ചാല്‍ തൊഴിലാളികളുടെ ചുരുങ്ങിയ അവകാശങ്ങള്‍ പോലും സംരക്ഷിക്കാന്‍ അവ പര്യാപ്തമല്ലെന്ന് ബോധ്യപ്പെടും. 2007 ഏപ്രില്‍ 10ന് ഇന്ത്യന്‍ പ്രവാസികാര്യ മന്ത്രിയും കുവൈത്ത് സാമൂഹ്യ-തൊഴില്‍ കാര്യ മന്ത്രിയും ഒപ്പിട്ട തൊഴില്‍-മനുഷ്യ വികസനം സംബന്ധിച്ച ധാരണാപത്രം (ങലാീൃമിറൗാ ീള ൗിറലൃേെമിറശിഴ ീി ഹമയീൗൃ, ലാുഹീ്യാലി േമിറ ാമിുീംലൃ റല്‌ലഹീുാലി)േ, യു.എ.ഇ തൊഴില്‍ കാര്യ മന്ത്രിയുമായി ഒപ്പിട്ട മനുഷ്യ വിഭവം സംബന്ധിച്ച ധാരണാ പത്രം (ങലാീൃമിറൗാ ീള ൗിറലൃേെമിറശിഴ യലംേലലി ഡഅഋ മിറ ഏീ്‌ േീള കിറശമ ശി വേല ളശലഹറ ീള ാമിുീംലൃ) എന്നിവ ഉദാഹരണങ്ങളാണ്. ഇന്ത്യയെപ്പോലെ ഗള്‍ഫ് നാടുകളിലേക്ക് മനുഷ്യവിഭവം കയറ്റിയയക്കുന്ന ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ പ്രവാസികളുടെ കാര്യത്തില്‍ കാണിക്കുന്ന ശ്രദ്ധയും ജാഗ്രതയും എടുത്തുപറയേണ്ടതാണ്. ഗള്‍ഫ് നാടുകളുമായി ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ ഉണ്ടാക്കുന്ന ഉഭയകക്ഷി കരാറുകളുടെ ഫലമായി ഇന്ത്യക്കാരായ പ്രവാസികളേക്കാളും സുരക്ഷിത ബോധത്തോടെയാണ് ഫിലിപ്പൈനികള്‍ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നത്. പ്രവാസികാര്യ വകുപ്പ് പുനഃസ്ഥാപിക്കുകയും എംബസികളും കോണ്‍സുലേറ്റുകളും കാര്യക്ഷമമായി പ്രവര്‍ത്തിപ്പിച്ചും നമ്മുടെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കൃത്യമായി പഠിച്ച് പരിഹരിക്കുന്നതിന് സംവിധാനമുണ്ടാകണം. 1983ലെ ഇമിഗ്രേഷന്‍ ആക്ട് പ്രവാസികള്‍ക്ക് പ്രയോജനപ്പെടും വിധം പരിഷ്‌കരിക്കണം. നാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ-സ്വദേശ കുത്തകകളെ ആശ്രയിക്കുന്നതിന് പകരം സര്‍ക്കാറുകള്‍ തന്നെ കമ്പനികള്‍ രൂപീകരിച്ച് പ്രവാസിയുടെ ചെറുതും വലുതുമായ പണം അവര്‍ക്ക് ലാഭം കൊടുക്കാന്‍ കഴിയും വിധം നിക്ഷേപമായി സ്വീകരിക്കണം. വിമാന യാത്രാ നിരക്ക് ദൂരം മാനദണ്ഡമാക്കി ഏകീകരിക്കണം. ടിക്കറ്റ് നിരക്ക് തീരുമാനാധികാരം സര്‍ക്കാറിനായിരിക്കണം. വ്യാജ റിക്രൂട്ട്‌മെന്റുകളും തൊഴില്‍ അവകാശ നിഷേധവും തടയുന്നതിന് റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. തൊഴിലിന് വേണ്ടി വിദേശത്ത് പോകുന്നവര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണത്തിനും പരിശീലനത്തിനും (ുൃലറലുമൃൗേൃല ീൃശലിമേശേീി രീൗൃലെ) സംവിധാനങ്ങളുണ്ടാക്കുയും സര്‍ട്ടിഫിക്കറ്റ് നല്‍കുകയും പുതിയ വിസകള്‍ക്ക് ഈ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കുകയും വേണം. തൊഴില്‍ നല്‍കുന്ന കമ്പനി അല്ലെങ്കില്‍ വിസ ഓണര്‍ വാഗ്ദാനം ചെയ്ത ജോലി, ശമ്പളം, മറ്റ് തൊഴില്‍ അനുബന്ധ അവകാശങ്ങള്‍ എന്നിവ ഉറപ്പുവരുത്തുന്നതിന് എംബസികളില്‍ പ്രത്യേകം വിവരം നല്‍കല്‍ കേന്ദ്രം ആരംഭിക്കണം. പ്രവാസികള്‍ക്ക് നിയമ സഹായം നല്‍കുന്നതിന് എംബസികള്‍ കേന്ദ്രീകരിച്ച് അതത് രാജ്യങ്ങളില്‍ നിന്നും അഡ്വക്കേറ്റുമാരെ നിയമിക്കുക. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതിന് ഗള്‍ഫ് രാജ്യങ്ങളുമായി നിയമപ്രാബല്യമുള്ള കരാറുകളില്‍ ഒപ്പുവെക്കുക. കുടുംബ സമേതം ഗള്‍ഫില്‍ ജീവിക്കുന്നവരുടെ മക്കളുടെ ഉന്നത വിദ്യഭ്യാസം ഉറപ്പുവരുത്തുന്നതിന് ഉന്നതവിദ്യഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മുന്‍കൈയ്യെടുക്കുക. യോഗ്യരായ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ തന്നെ ജോലി ചെയ്യുന്നതിന് ഗള്‍ഫില്‍ പി.എസ്.സി സെന്ററുകള്‍ ആരംഭിക്കുക. പ്രവാസം അവരുടെ കുടുംബത്തിനും രാജ്യത്തിനും മാത്രമല്ല പ്രവാസിക്ക് തന്നെ അനുഗ്രഹമായിത്തീരുന്നതിനാവശ്യമായ ആസൂത്രണങ്ങളാണ് നാം നടത്തേണ്ടത്. നമ്മുടെ രാജ്യത്തിന്റെയും സാമൂഹികവും സാമ്പത്തികവും വിദ്യഭ്യാസപരവുമായ മേഖലകളുടെയും പുരോഗതിയുടെ നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസികളോടുള്ള മനോഭാവം തിരുത്തുന്നതിനും നന്ദിയുള്ളവരായിത്തീരുന്നതിനും നമുക്ക് കഴിയണം. 
ഹമീദ് വാണിയമ്പലം