പാര്‍ട്ടി: നയവും പരിപാടിയും 

2011 ഏപ്രില്‍ 18ഡല്‍ഹിയിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ രൂപവല്‍കരിക്കപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രമുഖ വ്യക്തികള്‍, നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് ചരിതപ്രസിദ്ധമായ മാവ്‌ലങ്കര്‍ ഹാളില്‍ സമ്മേളിച്ച് പുതിയ രാഷ്്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. മാനവികവും ധര്‍മികവുമായ മൂല്യങ്ങളെ ആധാരമാക്കി, ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ക്ഷേമരാഷ്ട്രത്തിലേക്ക് രാജ്യത്തെ നയിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും അടിസ്ഥാനത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന പൊതുരാഷ്ട്രീയ പ്രസ്ഥാനമാണ് വെല്‍ഫെയര്‍ പാര്‍ട്ടി. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും പാര്‍ട്ടി ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യം പരിഗണിച്ച് ഫെഡറല്‍ സ്വഭാവമാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ അടിസ്ഥാന ആശയങ്ങളില്‍ നിന്നും ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കാതെ ഓരോ സംസ്ഥാനത്തിന്റെയും വ്യത്യസ്ത സാഹചര്യങ്ങള്‍ പരിഗണിച്ച് സ്വന്തം നയപരിപാടികള്‍ വികസിപ്പിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാന ഘടകങ്ങള്‍ക്കുണ്ട്. 2011 ഒക്‌ടോബര്‍ 19ന് കേരളത്തിലും പാര്‍ട്ടി പ്രവര്‍ത്തനമാരംഭിച്ചു. എല്ലാ ജില്ലകളിലൂം ഭൂരിപക്ഷം മണ്ഡലങ്ങളിലും കമ്മിറ്റികള്‍ പ്രഖ്യാപിച്ച് പഞ്ചായത്ത്, പ്രാദേശിക തലങ്ങളില്‍ കമ്മിറ്റികള്‍ രൂപവല്‍കരിക്കുന്ന ഘട്ടത്തിലാണ് പാര്‍ട്ടി ഇപ്പോള്‍. വിശദമായ പഠനങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച നയവും പൊതുപരിപാടിയും പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുകയാണ്. മൂല്യാധിഷ്ഠിത രാഷ്ട്രീയം അനശ്വരമായ മാനവിക ധാര്‍മിക മൂല്യങ്ങളിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന എടുത്തുപറഞ്ഞിരിക്കുന്ന എല്ലാ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്. ഒരു മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രസ്ഥാനം എന്നതായിരിക്കും പാര്‍ട്ടിയുടെ മുഖമുദ്ര. മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള ഒരു നിലപാടും പാര്‍ട്ടി സ്വീകരിക്കില്ല. അഴിമതിക്കും അധാര്‍മികതക്കുമെതിരെ പാര്‍ട്ടി കര്‍ശന നിലപാട് സ്വീകരിക്കും. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സാമൂഹ്യനീതി തുടങ്ങിയ മൗലികാശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പാര്‍ട്ടി കഠിനപ്രയത്‌നം ചെയ്യും. ജാതി, മതം, ലിംഗം, പ്രദേശം, ഭാഷ, സമ്പത്ത് തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള ഒരു വിവേചനവും പാര്‍ട്ടി അംഗീകരിക്കില്ല. സമ്പൂര്‍ണ സമത്വത്തിലും സാഹോദര്യത്തിലുമാണ് പാര്‍ട്ടി വിശ്വസിക്കുന്നത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ രചനാത്മകമായിരിക്കും. ജനാധിപത്യപരവും സമാധാനപരവുമായ മാര്‍ഗങ്ങളേ ലക്ഷ്യം നേടാന്‍ പാര്‍ട്ടി അവലംബിക്കുകയുള്ളൂ. ഒരു പുതിയ രാഷ്ട്രീയ സാംസ്‌കാരത്തിന് പാര്‍ട്ടി തുടക്കം കുറിക്കും. പാര്‍ട്ടി ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ മൂല്യങ്ങളും വാക്കിലും പ്രവൃത്തിയിലും പ്രവര്‍ത്തകര്‍ അനുധാവനം ചെയ്യും. സമത്വവും സാഹോദര്യവും പാര്‍ട്ടിക്കുള്ളില്‍ യാഥാര്‍ത്ഥ്യമാക്കും. സന്തോഷത്തിലും ദുഃഖത്തിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കാളികളാകും. ഞാന്‍ ഒറ്റക്കാണ് എന്ന തോന്നല്‍ ഒരു പ്രവര്‍ത്തകനും ഉണ്ടാകില്ല. സംശുദ്ധമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആവശ്യമായ ശിക്ഷണങ്ങള്‍ പാര്‍ട്ടി, പ്രവര്‍ത്തകര്‍ക്ക് നല്‍കും. നിലവിലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പാര്‍ട്ടി മാതൃകയാക്കില്ല. പുതിയ മാതൃകകള്‍ പാര്‍ട്ടി സ്വയം സൃഷ്ടിക്കും. ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാന്‍ പാര്‍ട്ടിക്ക് കെല്‍പുണ്ടെന്ന് ഈ പുതിയ മാതൃകയിലൂടെ പാര്‍ട്ടി ജനങ്ങളെ ബോധ്യപ്പെടുത്തും. സ്വന്തം പാര്‍ട്ടിക്കകത്ത് ഇല്ലാത്ത മൂല്യങ്ങള്‍ ജനങ്ങളോട് കല്‍പ്പിക്കുന്നത് അധാര്‍മികമാണെന്ന് പാര്‍ട്ടി സ്വയം മനസ്സിലാക്കുന്നു. ഭാഷയിലും വേഷത്തിലൂം പ്രവര്‍ത്തനത്തിലും ജീവിതശൈലിയിലും വേറിട്ട ഒരുസംസ്‌കാരം പാര്‍ട്ടിയും പ്രവര്‍ത്തകരും കാത്തുസൂക്ഷിക്കും. ആത്മാര്‍ത്ഥതയും സത്യസന്ധതയും വിവേകവുമായിരിക്കും ഈ സംസ്‌കാരത്തിന്റെ മൂലശിലകള്‍. പാര്‍ട്ടിയെകൊണ്ട് എന്തെല്ലാം വ്യക്തിപരമായി നേടാം എന്നല്ല; പാര്‍ട്ടിയിലൂടെ എന്തെല്ലാം ജനങ്ങള്‍ക്ക് നേടിക്കൊടുക്കാം എന്നായിരിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ ചിന്തിക്കുക. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയൂം സുവര്‍ണ്ണകാലം രാഷ്ടീയ പ്രവര്‍ത്തനരംഗത്ത് പാര്‍ട്ടി വീണ്ടെടുക്കും. പാര്‍ട്ടി ഫണ്ടിന്റെ പ്രഥമ സ്രോതസ്സ് പ്രവര്‍ത്തകര്‍ തന്നെയായിരിക്കും. തുടര്‍ന്ന് അഭ്യുദയകാംക്ഷികളും. അഴിമതിക്കാരുടെയും അബ്കാരികളുടെയും സഹായം പാര്‍ട്ടി സ്വീകരിക്കുകയില്ല. വര്‍ഷത്തില്‍ ഒരു നിശ്ചിത സംഖ്യ പ്രവര്‍ത്തകര്‍ പാര്‍ട്ടി ഫണ്ടിലേക്ക് നീക്കിവെക്കും. പാര്‍ട്ടി ഫണ്ട് അത്യാവശ്യങ്ങള്‍ക്ക് മാത്രമായി ചെലവഴിക്കും. പാര്‍ട്ടി ഫണ്ടിന്റെ കാര്യത്തില്‍ കണിശമായ അച്ചടക്കവും സുതാര്യതയും ഉറപ്പുവരുത്തും. കുടുംബ ഭദ്രതക്ക് പാര്‍ട്ടി മുന്തിയ പരിഗണന നല്‍കും. പാര്‍ട്ടി പ്രവര്‍ത്തനം കുടുംബജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലായിരിക്കില്ല. ഇണയോടും മക്കളോടും മാതാപിതാക്കളോടും സഹോദരി-സഹോദരന്മാരോടും അയല്‍വാസികളോടും ബന്ധുമിത്രാദികളോടുമുള്ള കടപ്പാടുകള്‍ മറക്കില്ല. സന്തുഷ്ട കുടുംബം സന്തുഷ്ട രാഷ്ട്രം എന്നതായിരിക്കും പാര്‍ട്ടിയുടെ നിലപാട്. ഓരോകുടുംബാംഗത്തിന്റെയൂം പദവിയും അവകാശങ്ങളും സംരക്ഷിക്കപ്പെടും. ചര്‍ച്ചയും കൂടിയാലോചനകളൂം കുടുംബകാര്യങ്ങളിലും നടപ്പിലാക്കും. മനുഷ്യരെല്ലാം തുല്യരാണെന്ന ആശയം കുടുംബത്തിനും ബാധകമാണ്. ആരും ആരെയും ഭരിക്കുന്ന സാഹചര്യമുണ്ടാകരുത്. സ്‌നേഹവും ബഹുമാനവും പരസ്പര കടപ്പാടുകളുമായിരിക്കണം കുടുംബത്തിന്റെ നിയാമക ഘടകങ്ങള്‍. കുട്ടികള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ പാര്‍ട്ടി ഗൗരവത്തില്‍ കാണുന്നു. കുട്ടികളുടെ അവകാശങ്ങളും സുരക്ഷിതത്വവും ഉറപ്പുവരുത്തും. ബാലവേല അവസാനിപ്പിക്കുന്നതിനും പോഷകാഹാരം, വിദ്യാഭ്യാസം എന്നീ മൗലികാവകാശങ്ങള്‍ ലഭ്യമാക്കുന്നതിനും പാര്‍ട്ടി യത്‌നിക്കും. ക്ഷേമരാഷ്ട്രം മൂല്യാധിഷ്ഠിത ക്ഷേമരാഷ്ട്രമാണ് വെല്‍ഫെയര്‍ പാര്‍ട്ടി ലക്ഷ്യം വെക്കുന്നത്. സമഗ്രവും സന്തുലിതവും ഇടുറ്റതുമായ വികസന പ്രക്രിയയിലൂടെയാണ് ഇത് സാധിച്ചെടുക്കുക. വികസന കാര്യത്തില്‍ സമൂഹത്തിന്റെ മേല്‍തട്ടിനല്ല, താഴെ തട്ടിനാണ് പാര്‍ട്ടി പ്രഥമ പരിഗണന നല്‍കുക. അവസാനത്തെ ആളിന് എന്ത് കിട്ടുന്നു എന്ന് നോക്കിയാണ് പാര്‍ട്ടി വികസന പ്രവര്‍ത്തനങ്ങളെ വിലയിരുത്തുക. സ്വാതന്ത്ര്യം, നീതി, സമത്വം, ജീവനും സ്വത്തിനും അഭിമാനത്തിനും സുരക്ഷിതത്വം, ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, ഭരണമേഖലയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള അറിവ് എന്നിവ ഓരോ പൗരന്റെയും മൗലികാവകാശമാണെന്ന് പാര്‍ട്ടി കരുതുന്നു. ഇവ നേടിയെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും പാര്‍ട്ടി പരിശ്രമിക്കും. ഇത്തരം അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി സമാധാനപരമായ പരിശ്രമങ്ങളിലും പോരാട്ടങ്ങളിലുമേര്‍പ്പെട്ടിരിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും പാര്‍ട്ടി പിന്തുണക്കുകയും ചെയ്യും. ഭരണ നിര്‍വഹണം ഭരണ നിര്‍വഹണം സുതാര്യവും സത്യസന്ധവുമായിരിക്കണം. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും സാമൂഹ്യനീതി ഉറപ്പുവരുത്തുകയും വേണം. വംശീയവും വര്‍ഗീയവുമായ ചിന്താധാരകളില്‍ നിന്ന് മുക്തവും മതനിരപേക്ഷതയെ ഊട്ടിയുറപ്പിക്കുന്നതുമായിരിക്കണം. അഴിമതി ഒരു നിലക്കും അംഗീകരിക്കുവാന്‍ പാര്‍ട്ടിക്ക് സാധ്യമല്ല. മൂലധനം നമ്മുടെ നാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മൂലധനം നാട്ടില്‍ നിന്ന് തന്നെ സംഭരിക്കുന്നതാണ് നല്ലത്. നമുക്ക് അതിന് സാധിക്കുകയൂം ചെയ്യും. വിദേശത്ത് നിക്ഷേപം നടത്തുന്ന മലയാളികളെ സ്വദേശത്തേക്ക് ആകര്‍ഷിക്കണം. പ്രവാസികള്‍ ഇറക്കുന്ന നിക്ഷേപത്തിന് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കണം. വിദേശിക്ക് നല്‍കുന്ന സുരക്ഷിതത്വവും ഉറപ്പും എന്തുകൊണ്ട് സ്വന്തം പൗരന്മാര്‍ക്ക് നല്‍കിക്കൂടാ? കേരള വികസനത്തിന്റെ മുഖ്യ ഉറവിടമായി പ്രവാസികളൂടെ മൂലധനം മാറണം. അതുകഴിഞ്ഞ് അത്യാവശ്യമുണ്ടെങ്കിലേ വിദേശ മൂലധനം തേടാവൂ. പ്രവാസികള്‍ പ്രവാസികള്‍ കൊണ്ടുവരുന്ന വരുമാനം കൊണ്ടാണ് കേരളം യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത്. ഇക്കാണുന്ന പുരോഗതിയില്‍ അവരുടെ പങ്ക് വളരെ വലുതാണ്. ഈ യാഥാര്‍ത്ഥ്യം വേണ്ടവിധം അംഗീകരിക്കാന്‍ നമ്മുെട ഭരണകൂടങ്ങള്‍ക്കായിട്ടില്ല. ഭരണകൂടങ്ങള്‍ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. അവരുടെ സമ്പാദ്യം ഉപയോഗപ്പെടുത്തുന്നതിനും അവര്‍ക്കവകാശപ്പെട്ട പുനരധിവാസ ക്ഷേമ പദ്ധതികള്‍ കൊണ്ടുവരുന്നതിനും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് സാധിച്ചിട്ടില്ല. പ്രവാസികള്‍ ഈ നാടിന്റെ പൗരന്മാരാണ്. കേവല പൗരന്മാരല്ല; നമ്മെ തീറ്റിപ്പോറ്റുന്ന ഉത്തമ പൗരന്മാരാണ്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മൂലധനം സുരക്ഷിതമായി ഉപയോഗപ്പെടുത്തുന്നതിനും ഭരണകൂടത്തിന് ബാധ്യതയുണ്ട്. പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്. സ്വദേശത്തായിരുന്നാലും വിദേശത്തായിരുന്നാലും വോട്ടവകാശം ഓരോ ഇന്ത്യക്കാരന്റെയൂം മൗലികാവകാശമാണെന്ന് പാര്‍ട്ടി കരുതുന്നു. വിദ്യാഭ്യാസം പൗരന്റെ വിദ്യാഭ്യാസത്തിന് വര്‍ധിച്ച തോതില്‍ പ്രാധാന്യമുണ്ട്. വിദ്യാഭ്യാസത്തിന് വേണ്ടി പൊതുബജറ്റില്‍ വലിയ വിഹിതം നീക്കിവെക്കുന്നത് അത്ര നല്ലതല്ല എന്ന തോന്നല്‍ ഇവിെട ബോധപൂര്‍വ്വം വളര്‍ത്തിയെടുക്കപ്പെടുന്നുണ്ട്. ബഹുജനങ്ങളുടെ പ്രാഥമികവും ഉന്നതവുമായ വിദ്യാഭ്യാസത്തിന് വേണ്ടിതന്നെയാണ് ഏറ്റവും കൂടുതല്‍ പണം നീക്കിവെക്കേണ്ടത്. അതുതന്നെയാണ് ഏറ്ററ്വും വലിയ മൂലധന നിക്ഷേപം. ഈ വാസ്തവം തിരുത്തുന്നവര്‍ നാടിന്റെ മിത്രങ്ങല്ല; ശത്രുക്കളാണ്. ജനങ്ങളെ അഭ്യസ്തവിദ്യരാക്കേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു സര്‍ക്കാറിനുമാവില്ല. നമ്മുടെ നാട്ടിലെ സാമൂഹിക അസമത്വം അവസാനിപ്പിക്കാന്‍ എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കുന്ന പ്രാഥമികവും ഉന്നതവുമായ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളോളം ഫലപ്രദമായ മാര്‍ഗം വേറെയില്ല. സര്‍ക്കാറിന്റെ പൂര്‍ണ നിയന്ത്രണത്തോടുകൂടി മാത്രമേ വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ സംരംഭങ്ങളാകാവൂ. സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന രീതിയിലേ അനുവദിക്കാവൂ. നമ്മുടെ പൗരന്മാര്‍ക്ക് കാലോചിതവും വിവേകപൂര്‍ണവുമായ വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സംവരണം വിദ്യാഭ്യാസ-ഉദ്യോഗ മണ്ഡലങ്ങളില്‍ അനുവദിച്ചിരിക്കുന്ന സംവരണാനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പൂര്‍വ്വോപരി ശക്തമായി തുടരണം. സാമൂഹികമായൂം വിദ്യാഭ്യാസപരമായൂം പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഈ ആനുകൂല്യത്തിന്റെ പ്രയോജനം ദീര്‍ഘകാലം ഇനിയൂം ലഭിച്ചാലേ അവരുടെ പരിതാപകരമായ അവസ്ഥക്ക് എന്തെങ്കിലും പരിഹാരമുണ്ടാകൂ. സാമൂഹികമായ പിന്നാക്കാവസ്ഥയാണ് സംവരണത്തിന്റെ പ്രധാന അടിസ്ഥാനം. ആരോഗ്യം ആരോഗ്യ മേഖലയില്‍ കേരളത്തില്‍ കൂടുതല്‍ ചൂഷണം നടക്കുന്നു. ആശുപത്രികള്‍ ഏറ്റവും ലാഭകരമായ വ്യവസായങ്ങളായി മാറി. മരുന്ന് വില നിയന്ത്രിക്കാന്‍ ഇവിടെ സംവിധാനങ്ങളില്ല. രോഗം ജനങ്ങളുടെ പേടിസ്വപ്‌നമായി തീര്‍ന്നു. ശാസ്ത്രീയവും മാനവികവുമായ ഒരു ആരോഗ്യനയം ഉണ്ടാകണം. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആരെയൂം അനുവദിക്കരുത്. കിടപ്പാടം വിറ്റ് വഴിയാധാരമായാലും അവസാനിക്കാത്ത ചികിത്സാ സാഹചര്യത്തില്‍ നിന്ന് കേരള ജനതയെ രക്ഷപ്പെടുത്തണം. മരുന്ന് ഉല്‍പ്പാദനവും വിപണനവും പൊതുമേഖലയില്‍ ആരംഭിക്കണം. സര്‍ക്കാര്‍ ആശുപത്രികള്‍ ആധുനികവല്‍ക്കരിക്കണം. സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ ആതുരാലയങ്ങള്‍ തുറന്ന് സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തില്‍ നിന്ന് ജനത്തെ രക്ഷിക്കണം. ആരോഗ്യമേഖലയില്‍ വിവിധ ചികിത്സാ രീതികളുടെ ഏകോപനം ആവശ്യമാണ്. ജീവിത ശൈലിയിലൂെട ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കണം. കൃഷി കേരളത്തിന്റെ വികസനത്തില്‍ കാര്‍ഷിക മേഖലക്കും സേവന മേഖലക്കും (മനുഷ്യവിഭവം) വലിയ പങ്ക് വഹിക്കാനുണ്ടെന്ന് പാര്‍ട്ടി മനസ്സിലാക്കുന്നു. കര്‍ഷകരെ സഹായിക്കാനും സംരക്ഷിക്കാനും സംവിധാനങ്ങളുണ്ടാകണം. കൃഷി കര്‍ഷകര്‍ക്ക് നഷ്ടം സംഭവിക്കുന്ന ഒരേര്‍പ്പാടാകാന്‍ പാടില്ല. ഭക്ഷ്യോല്‍പാദനം സര്‍ക്കാറിന്റെ ചുമതലയാണ്; ഭക്ഷ്യസുരക്ഷ ജനങ്ങളുെട അവകാശവും. കുത്തകകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടല്ല; യഥാര്‍ഥ കര്‍ഷകരെ സംരക്ഷിച്ചുകൊണ്ടാണ് കാര്‍ഷികമേഖലയിലെ പ്രതിസന്ധികളെ തരണം ചെയ്യേണ്ടത്. ചെറുകിട കര്‍ഷകര്‍ക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കണം. അവര്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കണം. അവരുടെ നഷ്ടം നികത്താന്‍ സംവിധാനങ്ങളുണ്ടാകണം. കടം കുന്നുകൂടി ആത്മഹത്യ ചെയ്യേണ്ട ദുരവസ്ഥ ഒരു കര്‍ഷകനുമുണ്ടാവരുത്. ഭൂമിയൂടെ വിതരണവും വിനിയോഗവും വീട് നിര്‍മിക്കാനും കൃഷിചെയ്യാനും ആവശ്യമായ ഭൂമി ഓരോ പൗരന്റെയൂം അവകാശമാണെന്ന് പാര്‍ട്ടി മനസ്സിലാക്കുന്നു. ചരിത്രപരമായ കാരണങ്ങളാലാണ് ആദിവാസികള്‍ക്കും ദലിതര്‍ക്കും ഭൂമിയില്ലാതായത്. വന്‍കിടക്കാരുടെ കൈവശമുള്ള പാട്ടക്കരാര്‍ കഴിഞ്ഞ ഭൂമിയും സര്‍ക്കാറിന്റെ കൈവശമുള്ള മിച്ചഭൂമിയും ഭൂമിയില്ലാത്തവര്‍ക്ക് വീതിച്ച് നല്‍കണം. ഭൂമിയുടെ വിനിയോഗം കേരളത്തിന്റെ ശരിയായ വികസനത്തെ ത്വരിതപ്പെടുത്തുംവിധം ശാസ്ത്രീയമാക്കണം. വ്യവസായം കേരളത്തില്‍, കേരളത്തിന് അനുയോജ്യമായ വ്യവസായങ്ങളാണ് കൊണ്ടുവരേണ്ടത്. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തികാഭിവൃദ്ധി കൈവരിക്കുന്നതിനും വ്യവസായം അനിവാര്യമാണ്. പക്ഷെ, അത് മനുഷ്യജീവിതം ദുസ്സഹമാക്കുന്ന തരത്തിലാവരുത്. വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും പരിസ്ഥിതി സൗഹൃദപരവുമായിരിക്കണം. മനുഷ്യനേയൂം പ്രകൃതിയേയും കാര്‍ന്നുതിന്നുന്ന വിധത്തിലുള്ള വിവേകശൂന്യമായ വികസന പദ്ധതികളെ വെല്‍ഫെയര്‍ പാര്‍ട്ടി അംഗീകരിക്കില്ല. തെറ്റായ വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നാടിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ പാര്‍ട്ടി പിന്തുണക്കും. വന്‍കിട വ്യവസായത്തിന് ജനസാന്ദ്രമായ കേരളം ഫിറ്റല്ല. പരമ്പരാഗത ചെറുകിട വ്യവസായങ്ങള്‍ക്കും ഐ.ടി വ്യവസായത്തിനുമാണ് കേരളം കൂടുതല്‍ അനുയോജ്യം. പരമ്പരാഗത ചെറുകിട വ്യവസായങ്ങളെ കാലോചിതമായി നവീകരിക്കുകയും പോഷിപ്പിക്കുകയൂം വേണം. വ്യവസായ വാണിജ്യ മേഖലയിലേക്കുള്ള കുത്തകകളുടെ കടന്നുകയറ്റത്തെ പാര്‍ട്ടി അംഗീകരിക്കില്ല. ചെറുകിട കച്ചവടക്കാരെ വഴിയാധാരമാക്കാന്‍ പാര്‍ട്ടി സമ്മതിക്കില്ല. ഈ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കില്ല. മാര്‍ക്കറ്റ് വാണിജ്യ മേഖലയില്‍ ഉപഭോക്താക്കള്‍ വലിയ തോതില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. വസ്തുക്കളുടെ ഗുണനിലവാരവും വിലനിലവാരവും നിയന്ത്രിക്കാന്‍ കര്‍ശനമായ സംവിധാനമുണ്ടാക്കണം. സുതാര്യവും സത്യസന്ധവുമായ മാര്‍ക്കറ്റ് ഉപഭോക്താവിന്റെ അവകാശമാണ്. വായ്പ കാര്‍ഷിക ആവശ്യങ്ങള്‍ക്കും വ്യവസായ സംരംഭം തുടങ്ങുന്നതിനും പലിശരഹിത വായ്പ ലഭ്യമാക്കണം. ലാഭ-നഷ്ടത്തിലധിഷ്ഠിതമായ വ്യവസായ പദ്ധതികളെ പ്രോത്സാഹിപ്പിക്കണം. പലിശയിലും കൊള്ളലാഭത്തിലും അധിഷ്ഠിതമായ വ്യവസായ സംരംഭങ്ങള്‍ നാടിനും ജനങ്ങള്‍ക്കും ഭാരമായിത്തീരും. പൊതുഖജനാവില്‍ നിന്നും വരുമാനത്തിന്റെ ഗണ്യമായ ഭാഗം പലിശയായി വിദേശത്തേക്ക് ഒഴുകുന്ന സാഹചര്യം ഒഴിവാക്കണം. യുവാക്കള്‍ ആരംഭിക്കുന്ന പദ്ധതികള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കണം. ഊര്‍ജ്ജം കേരളത്തിന്റെ ഉര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിന് പരിസ്ഥിതി സൗഹൃദമായ മാര്‍ഗങ്ങളേ അവലംബിക്കാവൂ. ആണവനിലയങ്ങള്‍ പരിഹാരങ്ങല്ല; പ്രശ്‌നങ്ങളാണ്. ചെറുകിട ജലവൈദ്യുത/സൗരോര്‍ജ പദ്ധതികളാണ് കേരളത്തിന് കൂടുതല്‍ അനുയോജ്യം. വൈദ്യുതി ഉപയോഗം നിയന്ത്രിച്ചും പ്രസരണ നഷ്ടം കുറച്ചും വൈദ്യുതി ഉപയോഗം കൂടുതല്‍ കാര്യക്ഷമമാക്കണം. ഗതാഗതം കേരളത്തിലെ യാത്രാപ്രശ്്‌നം പരിഹരിക്കുന്നതിനും കേരളത്തിന്റേതായ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള പദ്ധതികളാണ് വേണ്ടത്. ബി.ഒ.ടി. വ്യവസ്ഥയില്‍ റോഡുകള്‍ സ്വകാര്യ വല്‍ക്കരിക്കുന്നത് ഒഴിവാക്കണം. അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ ഈ രീതി അവലംബിക്കേണ്ടി വന്നാല്‍, സര്‍ക്കാറിന്റേയോ പൊതുമേഖലയുടെയോ പൂര്‍ണമായ നേതൃത്വത്തിലും നിയന്ത്രണത്തിലൂമാണ് അത് നടപ്പില്‍ വരേണ്ടത്. ജനലക്ഷങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടുള്ള പദ്ധതികള്‍ കേരളത്തിന് യോജിച്ചതല്ല. റെയില്‍/ജലഗതാഗതങ്ങളുടെ വന്‍ സാധ്യതകളാണ് ഇവിടെ ഉപയോഗപ്പെടുത്തേണ്ടത്. പുറത്തുനിന്ന് വരുന്ന പദ്ധതികളല്ല; അകത്തുനിന്ന് രൂപപ്പെടുന്ന പദ്ധതികളാണ് നടപ്പിലാക്കേണ്ടത്. പരിസ്ഥിതി പരിസ്ഥിതി സംരക്ഷണം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മുഖ്യപരിഗണനയാണ്. മുഴുവന്‍ ജീവജാങ്ങളുടെയൂം നിലനില്‍പ്പിനാധാരമാണ് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ. പരിസ്ഥിതിക്ക് പരിക്കേല്‍പ്പിക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ പാര്‍ട്ടി എതിര്‍ക്കും. വ്യവസായം, വാണിജ്യം, സാങ്കേതിക വിദ്യ, കൃഷി, ഗതാഗതം എന്നിവയില്‍ പരിസ്ഥിതി സൗഹൃദം കാത്തുസൂക്ഷിക്കുകയൂം ആരോഗ്യകരമായ മാര്‍ഗങ്ങളെ പിന്തുടരുകയും ചെയ്യും. പുനരധിവാസം വികസനം വരുമ്പോള്‍ ജനങ്ങള്‍ വഴിയാധാരമാക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. നഷ്ടപരിഹാരം യാഥാര്‍ഥ പരിഹാരമല്ല. അത്യാവശ്യ സന്ദര്‍ഭത്തിലേ കുടിയൊഴിപ്പിക്കാവൂ. കുടിയൊഴിപ്പിക്കുമ്പോള്‍ മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ആദ്യമേ ഉറപ്പുവരുത്തണം. വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടും നഷ്ടപരിഹാരത്തിന് വേണ്ടി യാചിച്ചു നടക്കേണ്ട സാഹചര്യം അനുവദിക്കാനാവില്ല. മാലിന്യ സംസ്‌കരണം നമ്മുടെ വികസന പ്രവര്‍ത്തനങ്ങളുടെ ബാക്കി പത്രങ്ങളായിത്തീര്‍ന്നിരിക്കുന്നു മലിനീകരണം. നമ്മുടെ പുരയിടവും തെരുവോരങ്ങളും മാലിന്യം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. ശുദ്ധജലവും ശുദ്ധവായുവും കേരളത്തില്‍ കിട്ടാക്കനികളായിരിക്കുന്നു. മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയവും ഫലപ്രദവുമായ മാര്‍ഗങ്ങള്‍ അവലംബിക്കണം. മലിനീകരണം ശിക്ഷാര്‍ഹമായി പ്രഖ്യാപിക്കണം. മാലിന്യക്കുമ്പാരങ്ങള്‍ക്ക് മുമ്പില്‍ നിസ്സഹായരായ ജനം നടത്തുന്ന പ്രക്ഷോഭങ്ങളെ പാര്‍ട്ടി എല്ലാവിധത്തിലൂം സഹായിച്ച് വിജയിപ്പിക്കും. ടൂറിസം ടൂറിസം ഒരു വ്യവസായം എന്ന നിലയില്‍ വികസിപ്പിക്കാനുള്ള സാധ്യത കേരളത്തില്‍ ഉണ്ട്. ആയുര്‍വേദം, അലോപ്പതി എന്നീ വൈദ്യരംഗങ്ങളിലും ഉത്സവം, തീര്‍ത്ഥാടനം, സംസ്‌കാരം, പ്രകൃതിഭംഗി തുടങ്ങിയ മേഖലകളിലും കേരളത്തിന് അനന്ത സാധ്യതകളുണ്ട്. വിദേശ-സ്വദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാവുന്ന വിധം ടൂറിസം വികസിപ്പിക്കുന്നത് തന്നെ പ്രകൃതിക്കും പരിസ്ഥിതിക്കും സാംസ്‌കാരിക മൂല്യങ്ങള്‍ക്കും കോട്ടംതട്ടാത്ത വിധമാവണം. സെക്‌സ് ടൂറിസം, മദ്യപാനം തുടങ്ങിയ സാമൂഹിക വിപത്തുകളെ തിരസ്‌കരിക്കാന്‍ കഴിയുംവിധമായിരിക്കണം വിനോദ സഞ്ചാരമേഖലയിലെ വികസനം. സാംസ്‌കാരിക രംഗം സ്വതന്ത്ര#ംവും മൂല്യാധിഷ്ഠിതവുമായ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികളെയും കൂട്ടായ്മകളേയും പാര്‍ട്ടി പ്രോത്സാഹിപ്പിക്കും. അവരുടെ ക്രിയാത്മക വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പാര്‍ട്ടി ഉപയോഗപ്പെടുത്തും. അവരുടെ സ്വാതന്ത്ര്യത്തില്‍ പാര്‍ട്ടിയോ, പാര്‍ട്ടിയുടെ സ്വാതന്ത്ര്യത്തില്‍ അവരോ ഇടപെടാത്ത വിധത്തില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കും. സേവനം സമൂഹത്തിലെ അവശ ജനവിഭാഗങ്ങളെ സേവിക്കുന്നതിനും പരിചരിക്കുന്നതിനും വെല്‍ഫെയര്‍ പാര്‍ട്ടി പ്രത്യേക പരിഗണന നല്‍കും. ഈ വിഷയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിശീലനവും പ്രചോദനവും നല്‍കും. വൃദ്ധര്‍, വിധവകള്‍, മാറാരോഗികള്‍, അന്ധര്‍, ബധിരര്‍, മൂകര്‍, ശാരീരികമായും മാനസികമായും വൈകല്യമുള്ളവര്‍ ഇവര്‍ പാര്‍ട്ടിയുടെ അടുത്ത ബന്ധുക്കളായിരിക്കും. അവരുടെ മേല്‍ എപ്പോഴും പാര്‍ട്ടിയുടെ സ്‌നേഹസ്പര്‍ശം ഉണ്ടാകും. സാമൂഹിക തിന്മകള്‍ മദ്യവും ചൂതാട്ടവും ലൈംഗിക അരാജകത്വവും നാടിന്റെ ശാപങ്ങളാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. ഇവയെല്ലാം സാമൂഹ്യ തിന്മകളാണ്. കുടുംബത്തേയും രഷ്്ട്രത്തേയൂം ഇവ നശിപ്പിക്കും. പടിപടിയായി ഇവയില്‍ നിന്ന് ഒരു മോചനം കേരളത്തിന് സാധ്യമാകണം. മദ്യത്തിന്റെ ഉല്‍പാദനവും വിപണനവും സര്‍ക്കാറിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സായി വിലയിരുത്തുന്നത് കഷ്ടമാണ്! അത് നാണക്കേടുകൂടിയാണ്. മനസ്സുവെച്ചാല്‍ പത്തുവര്‍ഷം കൊണ്ട് ഈ നാണക്കേടില്‍ നിന്ന് കേരളത്തിന് രക്ഷപ്പെടാന്‍ സാധിക്കും. ഒരു ദശകം കൊണ്ട് പൂര്‍ത്തിയാകുന്ന തരത്തിലുള്ള സമ്പൂര്‍ണ മദ്യനിരോധനത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. മദ്യവിപണനവും വര്‍ജ്ജനവും ഒരുമിച്ച് നടത്തുന്ന വിരോധാഭാസം അവസാനിപ്പിക്കണം. ഓരോവര്‍ഷവും മദ്യഷാപ്പുകളുടെ എണ്ണം പത്തുശതമാനം കണ്ട് കുറച്ചുകൊണ്ടുവരണം. ഈ മേഖലയിലേക്ക് ഇനി പുതിയ മുതലാളിമാരും തൊഴിലാളികളും കടന്നുവരരുത്. റിട്ടയര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് പകരം ആളുകളെ നിയമിക്കരുത്. നിലവിലുള്ള തൊഴിലാളികള്‍ക്ക് ആകര്‍ഷകമായ വി.ആര്‍.എസ്. ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണം. ഇതിന് ശേഷം അവശേഷിക്കുന്ന തൊഴിലാളികളെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കണം. മദ്യഷാപ്പുകളുടെ മേലുള്ള ഗ്രാമപഞ്ചായത്തുകളുടെ അധികാരം സമ്പൂര്‍ണമായി പുനസ്ഥാപിച്ചുകൊണ്ട് സമ്പൂര്‍ണ മദ്യനിരോധന ദശവത്സര പദ്ധതിക്ക് സര്‍ക്കാര്‍ ആരംഭം കുറിക്കണം. സമ്പൂര്‍ണ മദ്യനിരോധനത്തില്‍ കുറഞ്ഞ ഒന്നും സ്വീകാര്യമല്ല. അത്രമേല്‍ ആപല്‍കരമാണ് മദ്യമുണ്ടാക്കുന്ന വിപത്തുകള്‍. ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങള്‍ പട്ടികജാതി-പട്ടികവര്‍ഗ, ദലിത് ക്രൈസ്തവ വിഭാഗങ്ങളിലുല്‍പ്പെട്ട ജനവിഭാഗങ്ങളാണ് കേരളത്തില്‍ ഏറ്റവും ദുരിതമനുഭവിക്കുന്നത്. സാമൂഹികമായൂം സാമ്പത്തികമായൂം ഇവര്‍ വളരെ പിന്നാക്കമാണ്. ഇവരുടെ ഉന്നമനത്തിന് പ്രത്യേക പാക്കേജ് തന്നെ ആവശ്യമുണ്ട്. ഈ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയോടൊപ്പം എത്തിക്കുന്നതിനാവശ്യമായ പരിശ്രമങ്ങള്‍ നടത്തുന്നതിന് പാര്‍ട്ടി എപ്പോഴൂം പ്രതിജ്ഞാബദ്ധമായിരിക്കും. അവരുടെ നേര്‍ക്കുള്ള വിവേചനം പാര്‍ട്ടി ഗൗരവപൂര്‍ണമായാണ് കാണുക. ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെയും ഇതര പിന്നാക്ക വിഭാഗങ്ങളുടെയും സംവരണാനുകൂല്യങ്ങള്‍ക്കെതിരായ ഏത് നീക്കത്തെയൂം പാര്‍ട്ടി ചെറുത്തുതോല്‍പ്പിക്കും. സംവരണാനുകൂല്യത്തിനപ്പുറം അധികാരത്തിലൂം വിഭവങ്ങളിലും പങ്കാളിത്തം നല്‍കി സാമൂഹിക നീതി ഉറപ്പുവരുത്തണം. അവര്‍ക്ക് ഭൂമിയും തൊഴിലൂം നല്‍കണം. യുവാക്കള്‍ നമ്മുടെ യുവാക്കള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. അവരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും വേണ്ടത്ര വിലമതിക്കപ്പെടുന്നില്ലെന്ന് പാര്‍ട്ടി മനസ്സിലാക്കുന്നു. വിശേഷിച്ച് അര്‍ഹമായ പരിഗണന നല്‍കുന്നില്ല. ഈ കുറവ് പാര്‍ട്ടിക്കകത്ത് സ്വന്തം നിലയില്‍ പരിഹരിക്കും. അവരുടെ കഴിവുകള്‍ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയൂം അഭിവൃദ്ധിക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയൂം ചെയ്യും. രാജ്യത്തെ വര്‍ത്തമാനകാല സാഹചര്യത്തില്‍ നിരാശരായ യുവാക്കള്‍ക്ക് പാര്‍ട്ടി നവോന്മേഷം നല്‍കും. അവരെ ഉത്തരവാദിത്തബോധമുള്ള പോരാളികളും തേരാളികളുമാക്കും. വിദ്യാഭ്യാസവും തൊഴിലും യുവാക്കളുടെ മൗലികാവകാശമാണെന്ന് പാര്‍ട്ടി കരുതുന്നു. സ്ത്രീകള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അജണ്ടയില്‍ മുഖ്യ പരിഗണന നല്‍കിയിരിക്കുന്ന വിഭാഗമാണ് സ്ത്രീകള്‍. സ്ത്രീകള്‍ മൊത്തത്തില്‍, അവരേത് വിഭാഗത്തില്‍പ്പെട്ടവരായാലൂം, അവഗണനയൂം അപമാനവും പേറുന്നു നമ്മുടെ രാജ്യത്ത്. നമ്മുടെ ജനാധിപത്യത്തിന്റെ പ്രാഥമിക നേട്ടങ്ങള്‍ പോലും അവര്‍ക്ക് ലഭിച്ചിട്ടില്ല. എവിടെയും അവര്‍ അവരെ പ്രതിനിധാനം ചെയ്യുന്നില്ല. രാഷ്ട്രീയ മേഖലകളിലൂം ഭരണകൂടങ്ങളിലൂം അവര്‍ക്ക് മതിയായ പങ്കാളിത്തമില്ല. ഞെട്ടിപ്പിക്കുന്ന ഈ സാഹചര്യത്തിന് മാറ്റം വരുത്താന്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഈ മാറ്റത്തിന് തുടക്കം കുറിക്കും. സ്്ത്രികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് എല്ലാ സംവിധാനങ്ങളും ഉപയോഗപ്പടുത്തും. സാമുഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ മതിയായ പങ്കാളിത്തം ഉറപ്പുവരുത്തും. ലിംഗനീതി യാഥാര്‍ഥ്യമാക്കും. പങ്കാളിത്ത ജനാധിപത്യം രാജ്യത്ത് നിലനില്‍ക്കുന്ന പ്രാഥമിക ജനാധിപത്യത്തെ പങ്കാളിത്ത ജനാധിപത്യമായി വികസിപ്പിക്കാനാണ് വെല്‍ഫെയര്‍ പാര്‍ട്ടി ലക്ഷ്യം വെക്കുന്നത്. ഓരോ പൗരനും നമ്മുടെ ജനാധിപത്യ പ്രക്രിയയില്‍-തെരഞ്ഞെടുപ്പിലും ഭരണത്തിലും വിലയിരുത്തലിലും-തുല്യ അവസരമുണ്ടാകണം. നേതൃത്വവും ഭരണവും ഏതെങ്കിലൂം ജനവിഭാഗങ്ങളില്‍ കേന്ദ്രീകരിക്കപ്പെടരുത്. എല്ലാ ജനവിഭാഗങ്ങളുടെയും താല്‍പര്യങ്ങളും അഭിലാഷങ്ങളും മാനിക്കപ്പെടണം. ആറരപതിറ്റാണ്ട് പിന്നിട്ടിട്ടും ശൈശവാവസ്ഥയിലാണ് നമ്മുടെ ജനാധിപത്യം. ഈ മരവിപ്പും മുരടിപ്പും ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടതാണെന്ന് പാര്‍ട്ടി കരുതുന്നു. പങ്കാളിത്ത ജനാധിപത്യത്തിന് വേണ്ടി പാര്‍ട്ടി പോരാടുകതന്നെചെയ്യും. സ്വന്തം പാര്‍ട്ടിക്കകത്തും ഈ പങ്കാളിത്തം ഉറപ്പാക്കാന്‍ പാര്‍ട്ടി സംവിധാനങ്ങള്‍ ഉണ്ടാക്കും. ക്രിയാത്മക മതനിരപേക്ഷത അതീവ ദുര്‍ബലവും അനേകം ന്യൂനതകള്‍ ഉള്ളതുമാണ് നമ്മുടെ രാജ്യത്തെ മതേതരത്വം. ഈടുറ്റ മതസൗഹാര്‍ദ്ദവും മതനിരപേക്ഷതയുമായി അത് വികസിച്ചിട്ടില്ല. മതവിരുദ്ധമല്ല നമ്മുടെ മതേതരത്വം എന്ന് എല്ലാവരും തിരിച്ചറിഞ്ഞിട്ടില്ല. മതാത്മകവും മാനവികവുമായ മതേതരത്വമാണ് നമ്മുടേത്. തനിക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വാസിക്കാനും വിശ്വസിക്കാതിരിക്കാനും അതനുസരിച്ചുള്ള ജീവിതം അനുഷ്ഠിക്കാനും ഓരോ പൗരനും അവകാശമുണ്ട്. എന്നാല്‍ മതം എതായാലും രാഷ്ട്രം ഒന്നാണ്. രാഷ്ട്രത്തിന്റെ കാര്യത്തില്‍ ഒരു മനസ്സും ഒരു ശരീരവുമായിരിക്കണം നമ്മുടേത്. മതചിഹ്നങ്ങളും ആചാരാനുഷ്ഠാനങ്ങളൂം കൈയൊഴിയലാണ് മതേതരത്വമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കരുതുന്നില്ല. അത് അനുഷ്ഠിച്ചുകൊണ്ട് തന്നെയുള്ള പരസ്പര ബഹുമാനവും അംഗീകാരവും തുല്യതാബോധവുമാണ് നമുക്കുണ്ടാവേണ്ടത്. ഒരു മതത്തിലും വിശ്വാസിക്കാത്തനും ഈ തുല്യപദവി അംഗീകരിച്ചുകൊടുക്കണം. മതവികാരങ്ങളല്ല, പൊതുമൂല്യങ്ങളെ ശക്തിപ്പെടുത്തുന്ന മതമൂല്യങ്ങളാണ് നമ്മുടെ രാഷ്ട്രീയ ജീവിതത്തെയും രാഷ്ട്ര ജീവിതത്തെയും സ്വാധീനിക്കേണ്ടത്. വര്‍ഗീയതയും വിഭാഗീയതയും ജാതീയതയും ഉപജാതീയതയും അതിന്റെ ഫലമായി ഉണ്ടാകുന്ന ഉച്ച നീചത്വവും വെല്‍ഫെയര്‍ പാര്‍ട്ടി അംഗീകരിക്കുന്നില്ല. തുല്യപദവിയുള്ള പരിപൂര്‍ണ സമത്വത്തിലൂം സമ്പൂര്‍ണ സാഹോദര്യത്തിലുമാണ് പാര്‍ട്ടി വിശ്വസിക്കുന്നത്. വര്‍ഗീയതയുമായി പാര്‍ട്ടി ഒരു നിലക്കും സന്ധിചെയ്യില്ല. വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരിക്കും ഈ വിഷയത്തില്‍ പാര്‍ട്ടിയുടേത്. സാംസ്‌കാരിക ഫെഡറലിസം സാംസ്‌കാരിക വൈവിധ്യങ്ങളെ പാര്‍ട്ടി അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. സാംസ്‌കാരിക വൈവിധ്യത്തിലാണ് പാര്‍ട്ടി വിശ്വസിക്കുന്നത്. നാനാത്വത്തില്‍ ഏകത്വം എന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആത്മസത്തയെന്ന് പാര്‍ട്ടി മനസ്സിലാക്കുന്നു. വൈവിധ്യം നമ്മുടെ രാജ്യത്തിന്റെ ദൗര്‍ബല്യമല്ല; ശക്തിയാണ്. മറിച്ചാക്കാനുള്ള എല്ലാ നീക്കങ്ങളെയും പാര്‍ട്ടി ചെറുത്തുതോല്‍പ്പിക്കും. ജനങ്ങളുടെയും രാജ്യത്തിന്റെയൂം സാഹോദര്യത്തിനും ഐക്യത്തിനുമാണ് പാര്‍ട്ടി എന്നും മുന്‍ഗണന നല്‍കുക. സാമ്രാജ്യത്വം സാമ്രാജ്യത്വത്തെയും അതിന്റെ പ്രചോദന ശക്തിയായ മുതലാളിത്തത്തെയും വെല്‍ഫെയര്‍പാര്‍ട്ടി നഖശിഖാന്തം എതിര്‍ക്കുന്നു. വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഈ വിഷയത്തില്‍ പാര്‍ട്ടിക്കുള്ളത്. നമ്മുടെ ഭരണകൂടങ്ങള്‍ സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും കീഴടങ്ങുന്നത് പാര്‍ട്ടി നോക്കിനില്‍ക്കുകയില്ല. മാര്‍ഗം ജനാധിപത്യപരവും സമാധാനപരവുമായ പ്രവര്‍ത്തനങ്ങളിലും പരിഹാരങ്ങളിലുമാണ് വെല്‍ഫെയര്‍പാര്‍ട്ടി വിശ്വസിക്കുന്നത്. തീവ്രവാദങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും പാര്‍ട്ടി അംഗീകരിക്കുന്നില്ല. ഇത്തരം വിഭാഗങ്ങളുമായി ഒരുകാര്യത്തിലൂം യോജിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി സന്നദ്ധമല്ല. ജീശൈശേ്‌ല അുുൃീമരവ ആണ് പാര്‍ട്ടിയുടേത്. എല്ലാ വിഷയത്തിലും ക്രിയാത്മക നിലപാട് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കും. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ പാര്‍ട്ടി ശത്രുക്കളായി കാണുന്നില്ല. യോജിക്കാവുന്ന കാര്യങ്ങളില്‍ യോജിച്ചും വിയോജിക്കേണ്ട കാര്യങ്ങളില്‍ സ്‌നേഹപൂര്‍വം വിയോജിച്ചും പാര്‍ട്ടി മുന്നോട്ടുപോകും. നന്മയില്‍ സഹകരണം, തിന്മയില്‍ നിസ്സഹകരണം എന്നതായിരിക്കും പാര്‍ട്ടിയുടെ നിലപാട്. പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളിലും നിലപാടുകളിലും ഒരു കാലത്തും വീഴ്ചചെയ്യുകയില്ല. എന്നാല്‍ സ്‌നേഹബന്ധങ്ങള്‍ക്കും സൗഹാര്‍ദ്ദങ്ങള്‍ക്കും ഈ നിലപാട് തടസ്സമാകില്ല. ഈ പാര്‍ട്ടിയെ വിലയിരുത്താനും വിമര്‍ശിക്കാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉണ്ട്. കാരണം ഇത് എല്ലാവരുടെയും പാര്‍ട്ടിയാണ്. ക്രിയാത്മക വിമര്‍ശനങ്ങളെ പാര്‍ട്ടി എപ്പോഴും സ്വാഗതം ചെയ്യും. അതിലെ ശരിതെറ്റുകള്‍ പരിശോധിച്ച് സ്വന്തം തെറ്റുകള്‍ തിരുത്തുകയൂം ചെയ്യും. ക്രിയാത്മക വിമര്‍ശനങ്ങളെ പാര്‍ട്ടി ഉള്‍ക്കൊള്ളും; എന്നാല്‍ കേവല വിമര്‍ശനങ്ങളില്‍ തടഞ്ഞ് സമയം കളയില്ല. പാര്‍ട്ടി അതിന്റെ അജണ്ടകളും പരിപാടികളുമായി മുന്നോട്ടുപോകും. ഇരുട്ടിന് പകരം വെളിച്ചം എന്നതായിരിക്കും എപ്പോഴും പാര്‍ട്ടിയുടെ നിലപാട്.

ഹമീദ്‌ വാണിയമ്പലം
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍