Sunday, August 14, 2016

കുഴിച്ചു മൂടപ്പെട്ടതു വിത്തുകളാണ്‌

ദോഹ: കഴിഞ്ഞ ദിവസം കള്‍ച്ചറല്‍ ഫോറം സം‌ഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സമ്പന്നമായ ആശയ സംവാദം കൊണ്ട്‌ ധന്യമായിരുന്നു.അറിഅയപ്പെടുന്ന മാധ്യമ പ്രവര്‍‌ത്തകന്‍ പ്രദീപ്‌ മേനോന്‍,സാമൂഹിക സാംസ്‌കാരിക മാധ്യമ രാഷ്‌ട്രീയ രം‌ഗത്തെ നിറ സാന്നിധ്യമായ പ്രഗത്ഭ വ്യക്തിത്വങ്ങള്‍,സാദിഖ്‌ അലി,അതീഖ്‌ റഹ്‌മാന്‍,ഗോപിനാഥ്‌,ലുസിയ എബ്രഹാം എന്നിവര്‍ ചര്‍‌ച്ചയെ സജിവമാക്കി.ചരിത്ര പുസ്‌തകങ്ങള്‍ വായിച്ചറിഞ്ഞ ചരിത്ര വായന പൂര്‍‌ണ്ണമായിക്കൊള്ളനമെന്നില്ല.കാരണം രചയിതാക്കളുടെ താല്‍‌പര്യങ്ങള്‍ ചരിത്രത്താളുകളില്‍ സ്വാധിനം ചെലുത്തുന്നുണ്ട്‌ എന്ന നിരീക്ഷണത്തെ പ്രദിപ്‌ മേനോന്‍ അടിവരയിട്ടു.അഹിം‌സയിലൂന്നിയ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ എന്ന പൊതു ബോധം തുടര്‍‌ച്ചയായ വായനയിലൂടെ അരക്കെട്ടുറപ്പിക്കുമ്പോള്‍ ക്രൂരമായ പീഢനങ്ങള്‍ക്കൊടുവില്‍ വീര മൃത്യു വരിച്ച മഹാ രഥന്മാര്‍ വിസ്‌മൃതിയിലാകാന്‍ കാരണമാകുമെന്നും പ്രദീപ്‌ മേനോന്‍ ആശങ്ക പ്രകടിപ്പിച്ചു.വര്‍‌ത്തമാന കാല ഇന്ത്യന്‍ രാഷ്‌ട്രീയത്തെക്കുറിച്ച്‌ വ്യാകുലതകള്‍ ഒട്ടേറെയുണ്ടെങ്കിലും ഇത്തരം അവസ്ഥാ വിശേഷത്തിനുള്ള കളമൊരുമൊരുക്കപ്പെട്ട സാഹചര്യത്തെക്കുറിച്ചു കൂടെ ചിന്തിക്കേണ്ടതുണ്ടെന്നു ഒര്‍‌മ്മിപ്പിക്കപ്പെട്ടു.ഇത്തരം ചര്‍ച്ചകള്‍ യഥാവിധി ഇപ്പോഴും പുരോഗമിക്കുന്നില്ലെന്ന ദുഖ സത്യവും പങ്കുവെയ്‌ക്കപ്പെട്ടു. വിവിധ സംസ്‌കാരങ്ങള്‍ തമ്മില്‍ മാത്രമല്ല ഒരോ കുടും‌ബത്തിലും കെട്ടും മട്ടും ഇഴയടുപ്പവും നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ്‌ നമ്മുടെ സഞ്ചാരം.ലുസിയ എബ്രഹാം പറഞ്ഞു.എന്നിരുന്നാലും പ്രതീക്ഷ നഷ്‌ടപ്പെടുത്തേണ്ട കാര്യമൊന്നും ഇല്ല എന്നു സദസ്സിനെത്തെന്നെ ഉദാഹരിച്ചു കൊണ്ട്‌ ലൂസിയ വിശദീകരിച്ചു.

അസഹിഷ്‌ണുതയും അക്രമ പരമ്പരകളും ഇന്ത്യന്‍ സാഹചര്യത്തില്‍ പുതുമയുള്ളതൊന്നും അല്ല.എന്നാല്‍ ക്രിമനുകള്‍ക്ക്‌ അഴിഞ്ഞാട്ടം നടത്താന്‍ ഏറെ പാകപ്പെട്ട കാലാവസ്ഥ രൂപപ്പെട്ടത് നിഷേധിക്കാനാവില്ല.ഗോപാലന്മാരോട്‌ തന്റെ നെഞ്ചിലേയ്‌ക്ക്‌ നിറയൊഴിക്കാന്‍ പറയുന്നത്ര നിസ്സഹായനാണ്‌ നമ്മുടെ പ്രധാനമന്ത്രി.കുറ്റകൃത്യങ്ങളില്‍ ഏര്‍‌പെടുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരുന്നതിനു പകരം സഹതാപ നാടകം കളിക്കുകയാണ്‌ നമ്മുടെ പ്രധാനി.അദ്ധേഹം ആരോപിച്ചു. ഏക ശിലാ സംസ്‌കാരത്തെ അധികാരവും ശക്തിയുമുപയോഗിച്ചു നടപ്പാക്കാനുള്ള ഗൂഢ ശ്രമങ്ങളുടെ പരിസമാപ്‌തിയിലാണ്‌ ഭാരതം.ഭരണ കര്‍ത്താക്കളേയും നേതൃത്വത്തേയും വിമര്‍‌ശിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന നിലപാട്‌ ഇതിലേയ്‌ക്കാണ്‌ വിരല്‍ ചൂണ്ടുന്നത്.ഭരണ പക്ഷത്തെ ചോദ്യം ചെയ്യുന്നതിനെ രാജ്യ സ്‌നേഹമില്ലായ്‌മയായി ചിത്രീകരിക്കുന്ന ലജ്ജാകരമായ നിലപാടും ഉയര്‍‌ന്നു കേള്‍‌ക്കുന്നുണ്ട്‌.തങ്ങളുടെ സ്വാര്‍ഥ താല്‍‌പര്യത്തിനു വേണ്ടി അധികാരത്തിലിരുന്നു പോലും കൊല്ലും കൊലയും കൊള്ളിവെയ്പ്പും വരെ നടത്താനുള്ള പദ്ധതികള്‍ ആസുത്രണം ചെയ്യുന്നവരെ ഇന്ത്യന്‍ ജനത തിരസ്‌കരിക്കുക തന്നെ ചെയ്യും.അതിന്റെ മണി മുഴങ്ങിക്കേള്‍ക്കുന്നുണ്ട്‌.

നിങ്ങള്‍ കുഴിച്ചുമൂടി എന്നനുമാനിക്കുന്നതൊന്നും നശിക്കുകയില്ല.കാരണം അതൊന്നും അലിഞ്ഞില്ലാതാകാനുള്ളതല്ല.പടര്‍‌ന്നു പന്തലിക്കാനുള്ള വട വൃക്ഷങ്ങളുടെ വിത്തുകളാണ്‌ എന്ന ഫ്രഞ്ച്‌ പഴമൊഴി ഉദ്ധരിച്ചു കൊണ്ട്‌ താജ്‌ വാചലനായി.ഒരു പുതിയ യുഗത്തിനു നാന്ദി കുറിക്കാനായെന്നും അതിനുള്ള പണിപ്പുരയില്‍ സഹകരിക്കാന്‍ എല്ലാ സഹൃദയരും ബാധ്യസ്ഥരാണെന്നും ഒര്‍മ്മിപ്പിച്ചു കൊണ്ട്‌ ചര്‍ച്ച സാമാഹരിച്ചു.