Tuesday, May 3, 2016

കുറ്റവാളികളെ ഉടന്‍ അറസ്‌റ്റു ചെയ്യുക

ജിഷയുടെ കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണം - ഡോ. എസ്.ക്യൂ.ആര്‍.ഇല്യാസ്.

പെരുമ്പാവൂര്‍: മനുഷ്യത്വത്തെ മരവിപ്പിക്കുന്ന രീതിയില്‍ നിയമവിദ്യാര്‍ഥിയായ ജിഷയെ കൊലപ്പെടുത്തിയ കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡണ്ട് എസ്.ക്യൂ.ആര്‍ ഇല്യാസ് ആവശ്യപ്പെട്ടു. ജിഷയുടെ അമ്മയേയും മറ്റ് ബന്ധുക്കളെയും സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. സംഭവം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും അശ്രദ്ധമായിട്ടാണ് പോലീസ് ഈ സംഭവം കൈകാര്യം ചെയ്യുന്നത്. ഉന്നത ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
മെട്രോയും സ്‌മാര്‍ട്ട്‌സിറ്റിയും വിമാനത്താവളവും എല്ലാമായി നാട് വികസിക്കുന്നുവെന്ന് പറയുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് പെരുമ്പാവൂര്‍ സംഭവമെന്ന് ഒപ്പമുണ്ടായിരുന്ന സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ഈ ദുരന്തത്തിന്റെ ഉത്തരവാദി കേരളത്തില്‍ മാറിമാറി ഭരണം നടത്തിയ സര്‍ക്കാറുകളാണ്. നിയമ വിദ്യാര്‍ഥിയായ ഈ ദലിത് പെണ്‍കുട്ടി രോഗിയായ അമ്മയുമായി പുറമ്പോക്കിലാണ് താമസിക്കുന്നത്. ഒട്ടും സുരക്ഷിതത്വമില്ലാത്ത ഒറ്റമുറി വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. കേരളത്തിലെ ദലിത് ജീവിതത്തിന്റെ യഥാര്‍ഥ മുഖമാണിത്. മുഖ്യമന്ത്രിയുടെ വികസിത കേരളം പാവങ്ങളെ പരിഗണിക്കുന്നതല്ല; നാലര ലക്ഷം ഭൂരഹിതരെ ആവര്‍ത്തിച്ചു ചതിക്കുകയാണ്. ഈ സ്ഥിതിയില്‍ മാറ്റമുണ്ടാകണം. ജിഷയുടെ അമ്മയുടെ പൂര്‍ണ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം.വെല്‍‌ഫെയര്‍ പാര്‍‌ട്ടി ആവശ്യപ്പെട്ടു.