Tuesday, May 3, 2016

ജനപക്ഷ രേഖ

ക്ഷേമ കേരളത്തിനായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജനപക്ഷ രേഖ.

എറണാകുളം: ആറ് പതിറ്റാണ്ട് പൂര്‍ത്തിയാകുന്ന ഐക്യകേരളത്തില്‍ മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികളുടെ വികസന, ഭരണ നയങ്ങള്‍ കേരളത്തെ സ്തംഭനാവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. കേരളത്തിലെ കാര്‍ഷിക മേഖല സമ്പൂര്‍മായി തകര്‍ന്നു. ഉല്‍പാദന മേഖല മരവിച്ചു. പൊതു മേഖല, നിര്‍മാണ മേഖല തുടങ്ങിയവയും താഴേക്ക് പോയിരിക്കുന്നു. സംസ്ഥാനത്തിന്റെ പൊതുകടം 1.5 ലക്ഷം കോടിയില്‍ എത്തിയിരിക്കുന്നു. അഞ്ച് വര്‍ഷം കൊണ്ട് 65000 കോടിയുടെ വര്‍ദ്ധനവ് ഉണ്ടായി. ആളോഹരി കടത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം. കൂടുതല്‍ കടമുള്ള രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറി. ഒടുവില്‍ കേരളത്തിന്റെ മാത്രം പ്രത്യേകതയായ പരിസ്ഥിതിയും തകര്‍ന്നിരിക്കുന്നു. താങ്ങാന്‍ കഴിയാത്ത ചൂടും കുടിക്കാന്‍ ദാഹജലവുമില്ലാതെ സംസ്ഥാനത്തെ ജനങ്ങള്‍ വലയുകയാണ്. ഇത്തരം മൗലിക പ്രശ്‌നങ്ങളെ സമീപിക്കുന്നതില്‍ ഇടത്-വലത് മുന്നണികളും ബി.ജെ.പിയും ഓരേ പോലെ പരാജയപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ ശരിയായ വളര്‍ക്കും സ്വച്ഛന്ദമായ നിലനില്‍പിന്നും ഉതകുന്ന സമീപനം വളര്‍ന്നു വരേണ്ടതുണ്ടത് അനിവാര്യമായിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് പതിനാലാം കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ക്ഷേമകേരള നിര്‍മിതിക്കായി ജനപക്ഷ രേഖ സമര്‍പ്പിക്കുന്നത്.
പൗരന്മാരുടെ ജീവിത സുരക്ഷയും ആത്മാഭിമാനവും വര്‍ധിപ്പിക്കുന്ന സ്വാശ്രയ സാമ്പത്തിക ഘടനയാണ് പാര്‍ട്ടി മുന്നോട്ടുവെക്കുന്നത്. കാര്‍ഷിക മേഖലയുടെ വീണ്ടെടുപ്പ്, സേവന മേഖലക്ക് പുറത്ത് പ്രഥമ, ദ്വിതീയ മേഖലകളെ കരുത്താര്‍ജിപ്പിക്കല്‍ എന്നിവ വികസന രേഖ ലക്ഷ്യംവെക്കുന്നു. പരിസ്ഥിതിക്ക് പോറല്‍ ഏല്‍പിക്കാത്തതും ക്രമേണ കേരളത്തിന്റെ ഭൂഗര്‍ഭ ജനനിരപ്പ് ഉയര്‍ത്തിയും വനവിസ്തൃതി കൂട്ടിയും പരിസ്ഥിതി സംരക്ഷിത വികസന കാഴ്ചപ്പാടാണ് രേഖ മുന്നോട്ടുവെക്കുന്നത്.
പ്രാഥമികാവശ്യങ്ങളായ ഭക്ഷണം, വിദ്യഭ്യാസം, പാര്‍പ്പിടം, ആരോഗ്യം, തൊഴില്‍, കുടിവെള്ളം എന്നിവ പൗരാവകാശമാക്കുന്ന നിയമനിര്‍മാണം സാധ്യമാക്കും എന്ന് രേഖ പറയുന്നു. ഈ മേഖലകളില്‍ നല്‍കുന്ന സേവനം ഉന്നത ഗുണനിലവാരമുള്ളതാക്കും.

കേരളത്തിലെ നാലര ലക്ഷം ഭൂരഹിത കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കുന്നതിന് സമഗ്രഭൂപരിഷ്‌കരണ നിയമം കൊണ്ടുവരും. വന്‍കിട കൈയേറ്റക്കാര്‍ കൈവശം വെച്ചിരിക്കുന്ന അഞ്ച് ലക്ഷം ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ച് വിതരണം ചെയ്യും. കാര്‍ഷിക ഭൂമിയെ അതേനിലയില്‍ നിലനിര്‍ത്തും. പാര്‍പ്പിട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക പാര്‍പ്പിട പദ്ധതി നടപ്പിലാക്കും.

നെല്‍വയല്‍-നീര്‍ത്തട നിയമത്തിലെ പഴുതുകള്‍ പരിഹരിക്കും. സമ്പൂര്‍ണ ഡാറ്റാബാങ്ക് തയ്യാറാക്കും. പരിസ്ഥിതി മേഖളകളുടെ സംരക്ഷണത്തിന് ഏകീകൃത അതോറിറ്റി ഉണ്ടാക്കും.

സെക്രട്ടേറിയറ്റ് കേന്ദ്രീകൃത ഭരണസംവിധാനത്തില്‍ മാറ്റംവരുത്തി അധികാര വികേന്ദ്രീകരണത്തെ ലക്ഷ്യത്തില്‍ എത്തിക്കും. 50% ബജറ്റ് വിഹിതം തദ്ദേശസ്ഥാപനങ്ങള്‍ വഴിയാക്കും. പദ്ധതികള്‍ക്ക് പണമനുവദിക്കുന്ന രീതി ഒഴിവാക്കി ജനസംഖ്യയെ അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കും.

ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ റവന്യൂ ഡിവിഷനുകള്‍ പുനര്‍നിര്‍ണയിക്കും. കൂടുതല്‍ ജില്ല, താലൂക്ക്, വില്ലേജ് എന്നിവ രൂപീകരിക്കും. മലബാര്‍ അനുഭവിക്കുന്ന വികസന വിവേചനം 10 വര്‍ഷം കൊണ്ട് പരിഹരിക്കും. ഇതിനായി പ്രത്യേക പാക്കേജ് നടപ്പാക്കും.

സംവരണം എല്ലാ മേഖലയിലും ബാധകമാക്കും. സ്വകാര്യ എയ്ഡഡ്-അണ്‍എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കും സംവരണം കൊണ്ടുവരും. ദലിത് ക്രൈസ്തവര്‍ക്ക് സംവരണം നടപ്പാക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സംവരണം എല്ലാ മേഖലയിലും കൊണ്ടുവരും. നിയമസഭയില്‍ 33% സംവരണം എന്ന ലക്ഷ്യം നേടിയെടുക്കും.
മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളിലും സേവനാവകാശ നിയമം, വിവരാവകാശ നിയമം എന്നിവ ബാധകമാക്കും. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കും.

അഴിമതി സംബന്ധമായ പരാതികളില്‍ നടപടിയെടുക്കാന്‍ ജുഡീഷ്യല്‍ അധികാരത്തോടെയുള്ള ജന്‍ലോക്പല്‍ സ്ഥാപിക്കും. മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍, എസ്.സി-എസ്.ടി കമ്മീഷന്‍ എന്നിവക്ക് പൂര്‍ണ ജുഡീഷ്യല്‍ അധികാരം നല്‍കും.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് സമ്പ്രദായം പൊളിച്ചെഴുതും. നേരിട്ടുള്ള നിയമനം പൊളിറ്റിക്കല്‍ സെക്രട്ടറിയില്‍ പരിമിതപ്പെടുത്തും.
നയപരമായ തീരുമാനങ്ങള്‍ ഏകപക്ഷീയമായി എടുക്കുന്നതിന് പകരം പ്രത്യേക റഫറണ്ടം ഏര്‍പ്പെടുത്തും.ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, ക്ലബുകള്‍ എന്നിക്കടക്കം ബാധകമാകുന്ന സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കും. മദ്യ നിരോധനത്തിന്റെ ഭാഗമായി മദ്യ ഉല്‍പാദനത്തിന്റെ അളവ് കുറക്കും.
വയോജന സംരക്ഷണത്തിന് പ്രത്യേക നിയമനിര്‍മാണം, അവരുടെ മാനസികോല്ലാസത്തിന് പഞ്ചായത്ത് തോറും പൂര്‍ണ സജ്ജമായ കേന്ദ്രം എന്നിവ വികസന രേഖ മുന്നോട്ടുവെക്കുന്നു.

സംസ്ഥാനത്തെ ഗതാഗത മേഖലയെ കാര്‍ബണ്‍ മുക്തമാക്കുന്നതിനുള്ള പദ്ധതി കൊണ്ടുവരും. പൊതുഗതാഗതത്തിന് പ്രാധാന്യം നല്‍കുന്ന ഗതാഗത നയം, മെട്രോ, റെയില്‍വേ, റോഡ്, സബര്‍ബന്‍, ജല-വ്യോമ യാത്രകള്‍ക്ക് ഒരേ പോലെ ഉപയോഗിക്കാവുന്ന ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ്, യൂണിഫൈഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി എന്നിവ നടപ്പാക്കും.
മത-സമുദായ-ജാതി വിഭാഗങ്ങള്‍ക്കെതിരിലുള്ള അക്രമത്തിന് കടുത്ത ശിക്ഷ ഉറപ്പാക്കും. അക്രമം നടത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കും. വര്‍ഗീയ കലാപ നിരോധന നിയമം കൊണ്ടുവരും. നിര്‍മാണ കരാറുകള്‍ പൂര്‍ണമായും ഇ-ടെന്‍ഡറിംഗില്‍ ആക്കും. നിര്‍മാണ് പ്രവര്‍ത്തനങ്ങള്‍ക്ക് സമയപരിധി നിര്‍ബന്ധമാക്കും.
ദലിതര്‍, ആദിവാസികള്‍ എന്നിവരെ വ്യവസായ-വ്യാപാര മേഖലകളില്‍ കൂടുതലായി എത്തിക്കുന്നതിന് പങ്കാളിത്ത വികസന പദ്ധതി കൊണ്ടുവരും. പലിശ രഹിത വായ്പ അനുവദിക്കും. കോളനി സമ്പ്രദായം പുനരാലോചിക്കുന്നതിനായി ജാതി വിഭാഗങ്ങള്‍ക്കിടയില്‍ റഫറണ്ടം നടത്തും.

ജനാധിപത്യ വിരുദ്ധ നിയമങ്ങളുടെ പ്രയോഗം സംസ്ഥാനത്ത് തടയും. ഇത്തരം കേസുകളില്‍ പെട്ട നിരപരാധികള്‍ക്ക് മോചനം നല്‍കും. അവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കും.
സ്ത്രീകളുടെ സുരക്ഷിതമായ യാത്രക്കും പൊതുപങ്കാളിത്തത്തിനും പ്രാധാന്യം നല്‍കി കൂടുതല്‍ ശക്തമായ നിയമം കൊണ്ടുവരും. പോലീസില്‍ കൂടുതല്‍ വനിതകളെ നിയമിക്കും. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണ കേസുകളുടെ നടത്തിപ്പിന് വേഗത്തിലാക്കാന്‍ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളും നിലവിലെ കോടതികളില്‍ പ്രത്യേക ബെഞ്ചുകളും സ്ഥാപിക്കും.
60 വയസ്സ് പൂര്‍ത്തിയായ മറ്റ് പെന്‍ഷനുകള്‍ ലഭ്യമല്ലാത്തവര്‍ക്കായി പ്രത്യേക പെന്‍ഷന്‍ പദ്ധതി നടപ്പാക്കും.

തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ തൊഴില്‍ ബാങ്ക് സ്ഥാപിക്കും.കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായവിലയും വിപണിയും ഉറപ്പാക്കുന്നതിന് പഞ്ചായത്തടിസ്ഥാനത്തില്‍ ചന്തകള്‍ സ്ഥാപിക്കും.
കേരളത്തെ പച്ചക്കറി സ്വയംപര്യാപ്ത സംസ്ഥാനമാക്കും. ജൈവകൃഷി രീതി പൂര്‍ണമാക്കും.പ്രകൃതി വിഭവങ്ങളുടെ ഖനനം പൂര്‍ണമായും സര്‍ക്കാര്‍ അധീനതയിലാക്കും. ഇതിനായി പ്രത്യേക ഏജന്‍സിക്ക് രൂപം നല്‍കും. നിശ്ചിത അളവുകളില്‍ കൂടുതലുള്ള ഭവനങ്ങള്‍ക്ക് ഭവനനിര്‍മാണത്തിനുള്ള സാമഗ്രികള്‍ക്ക് വിലവര്‍ദ്ധിപ്പിക്കും.
വനാവകാശ നിയമം പ്രയോഗത്തില്‍ കൊണ്ടുവരും. ആദിവാസി ഊരുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കും.ഓരോ വീടിനെയും ഒരു ഉല്‍പാദന കേന്ദ്രമാക്കും.മാലിന്യ നിര്‍മാര്‍ജനത്തിനുള്ള സമ്പൂര്‍ണ ഏജന്‍സിയായി ശുചിത്വ മിഷനെ മാറ്റും.പാരമ്പര്യേതര മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി ഊര്‍ജ സ്വയം പര്യാപ്തത എന്ന ലക്ഷ്യം നേടും. ചിലവ് കുറഞ്ഞ ഊര്‍ജ പദ്ധതികള്‍ക്കായി കൂടുതല്‍ ഗവേഷണം നടത്തും.
പ്രവാസി ക്ഷേമത്തിന്റെ സമ്പൂര്‍ണ ഏജന്‍സിയായി നോര്‍ക്കയെ മാറ്റും. ഗള്‍ഫ് നാടുകളില്‍ കേരള പ്രവാസി വകുപ്പിന്റെ മേഖലാ ഓഫീസുകള്‍ തുറക്കും. വിദേശ മലയാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വെല്‍ഫെയര്‍ ഓഫീസര്‍മാരെ നിയമിക്കും. മടങ്ങിവരുന്ന പ്രവാസികള്‍ക്കായി വ്യവസായ, വ്യാപാര വാണിജ്യ പദ്ധതികള്‍ ആരംഭിക്കും. ഇതിനായി കമ്പനിയും കോര്‍പറേഷനും രൂപീകരിക്കും. യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിന് പ്രവാസികളുടെ നിക്ഷേപത്തെ അടിസ്ഥാനപ്പെടുത്തിയുള്ള എയര്‍ലൈന്‍സ് യാഥാര്‍ഥ്യമാക്കും.
കഴിഞ്ഞ 5 വര്‍ഷം കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി നടത്തിയ പോരാട്ടം പാര്‍ട്ടിയെ കൂടുതല്‍ പ്രസക്തമാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 42 ജനപ്രതിനിധികളെ ജനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് വെല്‍ഫെയര്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നവര്‍:ഡോ.എസ്.ക്യൂ.ആര്‍.ഇല്‍യാസ് (വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡണ്ട്)കെ. അംബുജാക്ഷന്‍ (ദേശീയ സെക്രട്ടറി)ഹമീദ് വാണിയമ്പലം (സംസ്ഥാന പ്രസിഡണ്ട്)തെന്നിലാപുരം രാധാകൃഷ്ണന്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി)