Thursday, May 19, 2016

ഭരണവിരുദ്ധ വികാരം ഫലത്തെ സ്വാധീനിച്ചു

ഭരണവിരുദ്ധ വികാരം ഫലത്തെ സ്വാധീനിച്ചു - വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം പതിവ് ആവര്‍ത്തിക്കുകയാണ് ചെയ്തതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി. കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്ത് അഴിമതിയും ജനവിരുദ്ധതയും മുഖമുദ്രയാക്കി ഭരണം നടത്തിയ യു.ഡി.എഫ് സര്‍ക്കാറിനെതിരായ ജനങ്ങളുടെ രോഷമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാകുന്നത്. ഇതിന്റെ സ്വാഭാവിക ഗുണഭോക്താവായി പ്രതിപക്ഷം മാറി. ഭരണ വിരുദ്ധ വികാരവും ബി.ജെ.പി സൃഷ്ടിച്ച വര്‍ഗീയ ധ്രുവീകണവുമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഗതിയെ നിയന്ത്രിച്ചത്. ഇത്ര പച്ചക്ക് ജാതിയും മതവും സമുദായവും മുന്നില്‍വെച്ചുകൊണ്ടുള്ള വോട്ട് തേടല്‍ മുമ്പ് ഒരുകാലത്തും നടന്നിട്ടില്ല. ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളും മുന്നണികളുടെ വികസന നിലപാടുകളും ഇതിനിടയില്‍ ചര്‍ച്ച ചെയ്യാന്‍ സാധിച്ചില്ലായെന്നത് ദൗര്‍ഭാഗ്യകരമാണ്. വര്‍ഗീയ ധ്രുവീകരണം സംസ്ഥാനത്തെ ജനങ്ങളിലുണ്ടാക്കിയ ഭീതിയും സംഘ്പരിവാര്‍ ഫാഷിസത്തോട് മൃദുസമീപനം സ്വീകരിക്കുന്ന യു.ഡി.എഫ് നിലപാടും ചില ജനവിഭാഗങ്ങളുടെ പിന്തുണ എല്‍.ഡി.എഫിന് അനുകൂലമാക്കി. നേമത്തെ ബി.ജെ.പി വിജയം യു.ഡി.എഫിന്റെ ദാനമാണ്. ഭരണം നിലനിര്‍ത്താന്‍ ഏതറ്റവും പോകാന്‍ സന്നദ്ധമായതിന്റെ പരിണിത ഫലം കൂടിയാണ് നേമത്തുണ്ടായത്. സംഘ്പരിവാര്‍ ഫാഷിസത്തെ തടയാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്വീകരിച്ച രാഷ്ട്രീയ സമീപനം മറ്റുള്ളവരും സ്വീകരിച്ചിരുന്നെങ്കില്‍ ബി.ജെ.പിയുടെ വിജയമുണ്ടാകുമായിരുന്നില്ല. മുന്നണികളില്‍ അവസരവാദ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടികളെ ജനങ്ങള്‍ സമ്പൂര്‍ണമായി നിരാകരിച്ചിരിക്കുന്നു. ആര്‍.എസ്.പി, ജനതാദള്‍ യുണൈറ്റഡ്, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് എന്നിവര്‍ക്ക് ലഭിച്ച തിരിച്ചടി ഇത് വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയും മുഴുവന്‍ കേന്ദ്രമന്ത്രിമാരും ബി.ജെ.പി ദേശീയ നേതാക്കളും കേരളത്തില്‍ തമ്പടിച്ച് വന്‍തോതില്‍ പണം ചെലവഴിച്ച് വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ നടത്തിയിട്ടും നേമത്തെ വിജയമൊഴിച്ച് വലിയ തോതില്‍ മുന്നോട്ടുപോകാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. ശ്രീനാരയണീയ ധര്‍മ്മത്തെ സംഘ്പരിവാറിന് പണയംവെച്ചവര്‍ക്കും നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചില്ലായെന്നത് കേരളം പുലര്‍ത്തുന്ന ജാഗ്രതയെ വ്യക്തമാക്കുന്നു.
പരമ്പരാഗത മുന്നണികള്‍ക്ക് പുറത്ത് തനിച്ച് മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിക്ക്, ഭരണവിരുദ്ധ വികാരത്തിന്റെയും വര്‍ഗീയ ധ്രുവീകരണ ശ്രങ്ങളുടെയും ഇടയില്‍, ജനങ്ങള്‍ നല്‍കിയ പിന്തുണ ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് പാര്‍ട്ടി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ്. മത്സരിച്ച ഭൂരിപക്ഷം സ്ഥലങ്ങളിലും മുന്നണികള്‍ക്ക് തൊട്ടുതാഴെ വെല്‍ഫെയര്‍ പാര്‍ട്ടി വോട്ട് നേടി. പല മണ്ഡലങ്ങളിലും വിജയപരാജയം നിശ്ചയിക്കുന്ന നിര്‍ണായക ശക്തിയാവാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ജനകീയ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുന്നത് തടയുന്ന പരമ്പരാഗത മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം ജനങ്ങളില്‍ സൃഷ്ടിച്ച അങ്കലാപ്പുകളാണ് കൂടുതല്‍ മെച്ചപ്പെട്ട ഫലം നേടുന്നതിന് തടസ്സമായത്. സാധാരണ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അധികാരമേല്‍ക്കാന്‍ പോകുന്ന ഇടത് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണം. ജനങ്ങളെ അവഗണിക്കുന്ന കോര്‍പറേറ്റ് നയങ്ങള്‍ ഇടത് പ്രകടന പത്രികയില്‍ കാണാന്‍ കഴിയുന്നുണ്ട്. അത്തരം സമീപനങ്ങള്‍ സ്വീകരിച്ചാല്‍ ശക്തമായ ജനകീയ പോരാട്ടത്തിന് പാര്‍ട്ടി നേതൃത്വം നല്‍കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ പിന്തുണച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ എക്‌സിക്യൂട്ടീവ് തെരഞ്ഞെടുപ്പ് വിജയം നേടിയ എല്‍.ഡി.എഫിനെ അഭിനന്ദിക്കുകയും ചെയ്തു.