Monday, May 16, 2016

പിന്തുണച്ച വോട്ടർമാർക്കും അഭിവാദ്യങ്ങൾ.

പ്രിയ സഹപ്രവർത്തകരെ,
അങ്ങനെ നമ്മുടെ പാർട്ടിയുടെ പ്രഥമ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനം വിജയകരമായി പര്യവസാനിച്ചു. ഇനി 19 ലെ ഫല പ്രഖ്യാപനത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്. പാർട്ടി ലക്ഷ്യം വെച്ച തെരഞ്ഞെടുപ്പ് ഫലം തന്നെ തീർച്ചയായും നാം നേടിയെടുക്കും. കഴിഞ്ഞ 70 ദിവസം ഒറ്റ ശരീരം പോലെ നമ്മുടെ പാർട്ടി പ്രവർത്തിച്ചു. ആദ്യ ദിവസം മുതൽ വിശ്രമമില്ലാതെ പ്രവർത്തിക്കുന്നവർ ഉണ്ട്. വൈകി രംഗത്തിറങ്ങിയവരും ഉണ്ട്. എന്നാൽ മെയ് 1 മുതൽ എല്ലാവരും ഒരുമിച്ച് ഒരേ ആവേശത്തിൽ കഠിനാദ്ധ്വാനം ആണ് നടത്തിയത്. നാട്ടിലും മറു നാടുകളിലും ഉള്ള പ്രവർത്തകർ പാർട്ടിക്ക് വേണ്ടി നടത്തിയ പ്രവർത്തനം ആവേശം പകരുന്നതായിരുന്നു. പ്രത്യേകിച്ച് പ്രവാസി പ്രവർത്തകർ . പഴുതുകൾ അടച്ചാണ് അവർ പ്രവർത്തിച്ചത്. സാമൂഹിക മാദ്ധ്യമങ്ങളിൽ പാർട്ടിയെ മുന്നിലെത്തിക്കാൻ അവർ മികച്ച പ്രവർത്തനമാണ് നടത്തിയത്. പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് മുതൽ 41 സ്ഥാനാർഥികൾ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം കുറവുകളില്ലാതെ നിറവേറ്റാൻ ജാഗ്രതയോടെ പ്രവർത്തിച്ചു. പാർട്ടി സംസ്ഥാന ഭാരവാഹികളിൽ കുറച്ച് പേർ മാത്രമാണ് മത്സര രംഗത്തില്ലാതിരുന്നത്. ആ കുറച്ച് പേർ മറ്റുള്ളവരുടെ അഭാവം പരിഹരിക്കും വിധം ഇടവേളകളില്ലാതെ പ്രവർത്തിച്ചു. ജില്ലാ ഭാരാവാഹികൾ , മണ്ഡലം ഭാരവാഹികൾ ഇലക്ഷൻ ഏജൻ്റുമാർ, സ്ഥാനാർഥികളുടെ സെക്രട്ടറിമാർ, തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ, വകുപ്പ് കൺവീനർമാർ,അംഗങ്ങൾ , അങ്ങനെ ഒാരോരുത്തരും അവരുടെ പങ്ക് ഭംഗിയായി പൂർത്തീകരിച്ചു. ഇന്ന് പോളിംഗ് ബൂത്തുകൾ സന്ദർശിക്കുംമ്പോൾ വൈകിട്ട് അഞ്ചര മണിക്കും അവസാനത്തെ വോട്ടറെയും ബൂത്തിൽ എത്തിക്കാൻ ഒാടുന്ന പ്രായമായ പ്രവർത്തകരെ വരെ കാണാൻ കഴിഞ്ഞു . ഇവർ പകർന്ന് നൽകുന്ന ഊർജം അസാധാരണമാണ്. പാർട്ടിയുടെ ചരിത്രത്തിൽ അവരെല്ലാം ഇടം പിടിച്ചു കഴിഞ്ഞു. ആർക്കെങ്കിലും അതിനവസരം ലഭിച്ചില്ലെങ്കിൽ നിർഭാഗ്യം തന്നെ... പാർട്ടിക്ക് വേണ്ടി സ്വകാര്യാവശ്യങ്ങൾ മാറ്റിവെച്ച് അത്യുൽസാഹത്തോടെ പ്രവർത്തിച്ചവർക്ക് ബാക്കി വെച്ചത് പൂർത്തീകരിക്കാൻ ഇനി കുറച്ച് സമയം. വെൽഫെയർ പാർട്ടിയുടെ ഒന്നാമത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ അവിസ്മരണീയമാക്കിയ മുഴുവൻ നേതാക്കൾക്കും പ്രവർത്തകർക്കും സഹകരിച്ചവർക്കും പിന്തുണച്ച വോട്ടർമാർക്കും അഭിവാദ്യങ്ങൾ.
- കെ.എ.ഷെഫീഖ്
സംസ്ഥാന തെരഞ്ഞെടുപ്പ് കൺവീനർ