Sunday, May 15, 2016

ജനപക്ഷ കേരളത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി

ജനപക്ഷ കേരളത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക – ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: ജനപക്ഷ കേരളം സാധ്യമാക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു. ഇടത്-വലത്-എന്‍.ഡി.എ മുന്നണികള്‍ ഒരേ വികസന നയങ്ങളാണ് കാലങ്ങളായി പിന്തുടരുന്നത്. ഈ മുഖ്യധാരാ വികസന കാഴ്ചപ്പാടാണ് കേരളത്തില്‍ അഞ്ച് ലക്ഷത്തോളം ഭൂരഹിതരെ സൃഷ്ടിച്ചത്. ദാരുണമായ ഒരു കൊലപാതകത്തിലൂടെ ജനശ്രദ്ധയില്‍ വന്ന ഇതിന്റെ ഇരയാണ് പെരുമ്പാവൂരിലെ ജിഷയെന്ന പെണ്‍കുട്ടി. ഇടതും വലതും ചേര്‍ന്ന് നടപ്പിലാക്കിയ ഭൂപരിഷ്‌കരണത്തിന്റെ ഫലം 12500 ഓളം ദലിത് കോളനികളും നാലായിരത്തില്‍പരം ആദിവാസി കോളനികളുമാണ്. ഇന്ത്യയും രാജ്യത്തെ നിരവധി സംസ്ഥാനങ്ങളും ഭരിച്ചിട്ടുള്ള ബി.ജെ.പിക്ക് ഇക്കാര്യത്തില്‍ കുറേകൂടി ജനവിരുദ്ധവും ദലിത്-ആദിവാസി-ന്യൂനപക്ഷ വിരുദ്ധവുമായ നിലപാടുണ്ട് എന്ന പ്രത്യേകത മാത്രമാണുള്ളത്.
 
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കൊടുംചൂട് അനുഭവിക്കുന്ന കേരളത്തില്‍ അതിന് ഒരു പരിഹാരവും മുന്നോട്ടുവെക്കാതെയാണ് മൂന്ന് മുന്നണികളും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരളത്തിന്റെ ആവാസ വ്യവസ്ഥയെ ഗുരുതരമായി ബാധിക്കാന്‍ പോകുന്ന, കടലില്‍ 80 ഹെക്ടര്‍ കല്ലിട്ട് നികത്തുന്ന വിഴിഞ്ഞം പദ്ധതി നടപ്പിലാക്കും എന്നതാണ് മൂന്ന് മുന്നണികളുടെയും വാഗ്ദാനം. ന്യൂനപക്ഷങ്ങളെയും ദലിത്-ആദിവാസി ജനവിഭാഗങ്ങളെയും ജനകീയ സമരപ്രവര്‍ത്തകരെയും വേട്ടയാടുന്ന കരിനിയമങ്ങളുള്‍പ്പെടെയുള്ള ഭരണകൂട ഭീകര നടപടികളിലും മൂന്ന് മുന്നണികളും ഒരേ അഭിപ്രായക്കാരാണ്. ഫാഷിസത്തെ പ്രതിരോധിക്കാനുള്ള ആശയപരമായ ശേഷി നഷ്ടപ്പെട്ടു എന്നതാണ് മതേതര മുന്നണികള്‍ക്ക് സംഭവിച്ച ഏറ്റവും വലിയ അപചയം. മുസ്്‌ലിം സമുദായത്തിനെതിരെ ഭീകരമുദ്ര ചാര്‍ത്തുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഫാഷിസത്തിന്റെ അതേ നിലപാടുകളാണ് ഇവരും പിന്തുടരുന്നത്.
 
സന്തുലിത വികസനത്തിന് പകരം വികസന ഭ്രാന്തിനെ മുന്നോട്ടു വെക്കാനാണ് മൂന്ന് മുന്നണികളും മത്സരിക്കുന്നത്. കേരളത്തെ ഒരു കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കിമാറ്റാന്‍ സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സൗഭാഗ്യങ്ങള്‍ സംരക്ഷിക്കാനുമുള്ള ഒരു പുതിയ രാഷ്ട്രീയമാണ് വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ടുവെക്കുന്നത്. ആത്മാഭിമാനമുള്ള ജനതക്കും സ്വാശ്രയത്വമുള്ള പൗരന്മാര്‍ക്കും ക്ഷേമ കേരളത്തിനുമായി വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്ന 41 മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നും ബാക്കി മണ്ഡലങ്ങളില്‍ പാര്‍ട്ടി പിന്തുണക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുനല്‍കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.