Saturday, February 27, 2016

കള്‍ച്ചറല്‍ ഫോറം നേതൃ ശില്‍പ്പശാല

ദോഹ: നീതിനിഷേധിക്കപ്പെട്ടവന്റെ അവകാശ പോരട്ടങ്ങള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി. കെ.എ ഷെഫീഖ്. ജനങ്ങളെുടെ പ്രാഥമികാവശ്യങ്ങള്‍ നിയമപരമായി ഉറപ്പ് വരുത്തുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും കോര്‍പ്പറേറ്റുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പത്തില്‍ നടത്തികൊടുക്കുന്ന ഭരണ കൂടങ്ങള്‍ സാധാരക്കാരന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും പരിഹരിക്കാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കള്‍ച്ചറല്‍ ഫോറം നേതൃശില്‍പ്പശാലയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്തുനിന്നും പ്രധാനമന്ത്രി നടത്തിയ ഒരു ടെലഫോണ്‍ വിളിയിലൂടെ അയ്യായിരം കോടിയുടെ ലോണ്‍ അദാനി ഗ്രൂപ്പിന് തരപ്പെടുത്താന്‍ സാധിച്ച ഇന്ത്യയില്‍ സാധരാണക്കാരന് ഒരു ഗ്യാസ് സിലണ്ടര്‍ ലഭിക്കാന്‍ ഒട്ടനവധി രേഖകളാണ് സമര്‍പ്പിക്കേണ്ടത്. വിഴഞ്ഞം പദ്ധതിയുടെ പേരില്‍ വിലയേറിയ നൂറുക്കണക്കിന് ഏക്കര്‍ ഭൂമി അദാനിക്ക് മണിക്കുറുകള്‍ക്കകം അനുവദിച്ച കേരള ഗവണ്‍മെന്റ് സംസ്ഥാനത്തെ നാല് ലക്ഷത്തിലധികം വരുന്ന ഭൂരഹിതരുടെ പ്രശ്‌നത്തെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാത്തെ 58 ശതമാനം റവന്യൂ ഭൂമി വിദേശ കമ്പനികള്‍ കൈവശം വെച്ച് കോടിക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും വിദേശത്തേക്ക് കൊണ്ടു പോകുന്നത്. അനധികൃതമായി കമ്പനികളും വ്യക്തികളും കൈവശം വെച്ച ഭൂമി പിടിച്ചെടുത്താല്‍ സംസ്ഥാത്തെ ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് കിടന്നുറങ്ങാന്‍ ഒരു തുണ്ട് ഭൂമി ലഭിക്കുമെന്നും ഇതിനായുളള പ്രക്‌ഷോപം വെല്‍ഫെയര്‍ പാര്‍ട്ടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ മണ്ണിലേക്ക് വിദ്വോഷ രാഷ്ട്രീയം ഇറക്കാനുളള ശ്രമമാണ് ഇപ്പോള്‍ ബി.ജെ.പി നടത്തുന്നത്. അതിനായി ജാതിയും മതവും അവര്‍ ഉപയോഗപ്പെടുത്തുന്നു. ചില ഘട്ടങ്ങളില്‍ ഇടതുപക്ഷം പ്രചരിപ്പിച്ച ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ ഇപ്പോള്‍ ബി.ജെ.പി മുതലെടുക്കുകയാണെന്നന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിച്ചത് വെറും ഭരണമാറ്റമല്ല. സര്‍വ്വ മേഖലയിലും ഇത് വന്‍പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. എതിര്‍ക്കുന്നവരെ ദേശദ്രോഹികളായി ചിത്രീകരിക്കുന്ന സമീപനമാണ് മോദി ഗവണ്‍മെന്റ് സ്വീകരിക്കുന്നതെന്നും ഇന്ത്യന്‍ ജനാധിപത്യം തകര്‍ന്നാല്‍ അത് രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുമെന്നും രാജ്യം സമഗ്രാധിപത്യത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനെ പാര്‍ട്ടി നയനിലപാടുകള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യാനുളള അവസരമായി വെല്‍ഫെയര്‍ പാര്‍ട്ടി ഉപയോഗിക്കുമെന്നും മത്‌സര രംഗത്ത് ശക്തമായി തന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് താജ് ആലുവ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളില്‍ വൈസ്പ്രസിഡന്റുമാരായ ശശിധരപണിക്കര്‍, സുഹൈല്‍ ശാന്തപുരം, തോമസ് സക്കരിയ, റജീന അലി, ജനറല്‍ സെക്രട്ടറിമാരായ റോണി മാത്യു, റഷീദ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റഫീഖുദ്ധീന്‍ പാലേരി സ്വാഗതവും സെക്രട്ടറി യാസിര്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.