Saturday, March 24, 2018

സക്രിയമായി ഇടപെടുക

ദോഹ:ഒരു പുതിയ കാലത്തിനുവേണ്ടി പുതിയ ലോകത്തിനു വേണ്ടി പുതിയ സമൂഹത്തിനുവേണ്ടി സക്രിയമായി ഇടപെടാന്‍ ആഹ്വാനം ചെയ്യപ്പെട്ട കള്‍‌ച്ചറല്‍ ഫോറം മണലൂര്‍ മണ്ഡലം പ്രവര്‍‌ത്തക സമിതിയുടെ കുടും‌ബ സം‌ഗമം സമാപിച്ചു. മ‌അമൂറ ഫാമിലി പാര്‍‌ക്കില്‍ വൈകീട്ട്‌ 6.30 ന്‌ ചേര്‍‌ന്ന സം‌ഗമം 09.30 വരെ നീണ്ടു നിന്നു.
കളിയും കാര്യവും മത്സരങ്ങളും കൊച്ചു പ്രതിഭകളുടെ കലാ പ്രകടനങ്ങളും ഒക്കെയായി വിഭവസമൃദ്ധമായ സദ്ധ്യപോലെ ആസ്വദിച്ചാഹ്ലാദിച്ച സം‌ഗമം പുതിയ ഉണര്‍‌വ്വും ഉന്മേഷവും പകരുന്നതായിരുന്നു.

സം‌സ്ഥാന ജില്ലാ പ്രാദേശിക നേതൃ നിരയിലെ അബ്‌ദുല്‍ കലാം,ഷം‌സീര്‍,മര്‍‌സൂഖ്‌ തൊയക്കാവ്‌,അനസ്‌ ജമാല്‍,ഫൈസല്‍ എം.ബി തുടങ്ങിയവര്‍ സദസ്സിനെ ധന്യമാക്കി.അഷ്‌റഫ്‌ എന്‍.പി,മുക്താര്‍ എം.എം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വിവിധ മത്സരങ്ങള്‍ അരങ്ങേറിയത്.

ഖത്തറിലെ പ്രവാസ പരിസരത്തെ സാമൂഹിക ഇടപെടലുകള്‍ കൊണ്ട്‌ പ്രസിദ്ധമായ നടുമുറ്റം പരിപാടികളും അതിന്റെ പ്രവര്‍‌ത്തന രം‌ഗങ്ങളും നടുമുറ്റം മണലൂർ  മണ്ഡലം കോർഡിനേറ്റർ സമീന അനസ് പരിചയപ്പെടുത്തി.
കാണുന്നതും കേള്‍‌ക്കുന്നതും കേള്‍‌പ്പിക്കുന്നതും പിന്നീട്‌ സമൂഹത്തില്‍ പടരുന്നതും യാഥാര്‍‌ഥ്യവുമായി എത്രയോ അകലെയാണെന്നു മാത്രമല്ല അക്ഷരാര്‍‌ഥ സം‌ഭവവുമായി നേര്‍‌ത്ത ബന്ധം പോലും ശേഷിക്കാതെയാണ്‌ പ്രചരിക്കപ്പെടുന്നത് എന്നപരമാര്‍‌ഥത്തെ ബോധിപ്പിക്കും വിധം നടത്തപ്പെട്ട റിപ്പോര്‍‌ടിങ് പരിപാടി ആകര്‍‌ഷകരമായിരുന്നു.

മത്സരങ്ങളില്‍ വിജയികളായ മുബീന ഫൈസൽ, മിന്‍‌ഹ,ഫയാസ്,സിനാൻ; ഗ്രൂപ്പ് ഇനങ്ങളില്‍ വിജയികളായ - നാജി ഹംസ, നൗഷാദ് എന്നിവര്‍‌ക്കും പാരിതോഷികങ്ങളും സമ്മാനങ്ങളും സാമ്മാനിച്ചു.

ചൈതന്യമറ്റ ഒന്ന്‌ തിരിച്ചറിയപ്പെടാനും വിളിച്ചറിയപ്പെടാനും ചീഞ്ഞു നാറുകയല്ലാതെ നിര്‍‌വാഹമില്ല.കള്‍‌ച്ചറല്‍ ഫോറം തൃശൂര്‍ ജില്ലാ മീഡിയാ വിഭാഗം അധ്യക്ഷന്‍ അസീസ്‌ മഞ്ഞിയില്‍ പറഞ്ഞു.ആരാലും ശ്രദ്ധിക്കപ്പെടാന്‍ സാധിക്കാത്ത സാഹചര്യത്തിലെ ജീവന്‍ നഷ്‌ടപ്പെട്ട ശവങ്ങളുടെ വികൃതമായ വിഭാവന പോലെ ഒരു സമൂഹം കെട്ടു നാറുകയാണ്‌.ഇവിടെ അല്‍‌പമെങ്കിലും ജിവനുള്ളവര്‍‌ക്ക്‌ ഒട്ടേറെ കാര്യങ്ങള്‍ ചെയ്‌തു തീര്‍‌ക്കാനുണ്ട്‌.അതിനുള്ള പടയൊരുക്കത്തില്‍ അണി നിരക്കാനുള്ള ആഹ്വാനത്തോടെയായിരുന്നു സം‌ഗമം അവസാന ഘട്ടത്തിലേയ്‌ക്ക്‌ കടന്നത്.

അടച്ചിട്ട മുറികള്‍‌ക്കപ്പുറം ജാലകങ്ങള്‍ മലര്‍‌ക്കെ തുറന്ന തികച്ചും വിശാലമായ ഒരിടത്തിലെ സര്‍‌ഗാത്മകമായ ഒത്തു കൂടല്‍ നല്ലൊരു അനുഭവമായി മനസ്സുകളില്‍ ഒതുക്കി വെച്ചും പൊഴിച്ചിട്ട തൂവല്‍ സ്‌പര്‍‌ശത്തെ തൊട്ടു തലോടിക്കൊണ്ടും അം‌ഗങ്ങള്‍ വിട പറഞ്ഞു.

Thursday, March 22, 2018

സം‌യുക്ത മണ്ഡലം സൗഹൃദ സം‌ഗമം

ദോഹ:കള്‍‌ച്ചറല്‍ ഫോറം തൃശൂര്‍ സം‌യുക്ത മണ്ഡലം സൗഹൃദ സം‌ഗമം മാര്‍‌ച്ച്‌ 23 വെള്ളിയാഴ്‌ച 12.30 ന്‌ ആസ്‌പയര്‍ സോണ്‍ പാര്‍ക്കില്‍ നടക്കുമെന്ന്‌ സം‌ഘാടകര്‍ അറിയിച്ചു.കുന്നം‌കുളം തൃശൂര്‍ വടക്കഞ്ചേരി എന്നീ മണ്ഡലങ്ങളാണ്‌ തൃശൂര്‍ സം‌യുക്ത മണ്ഡല പരിധിയില്‍ ഉള്‍‌പ്പെടുന്നതെന്ന്‌ ഫോറം ഭാരവാഹികള്‍ അറിയിച്ചു.

വ്യക്തി ബന്ധങ്ങൾക്കും സൗഹൃദ കൂട്ടായ്മകൾക്കും ഏറെ പ്രസക്തിയുള്ള കാലഘട്ടമാണല്ലോ ഇത്. ജീവിത തിരക്കിനിടയിൽ നാം കണ്ടു വളർന്ന നന്മകളും ബന്ധങ്ങളും തിരിച്ചു പിടിക്കാനും പഴയ ഓർമ്മകളിലേക്ക് തിരിച്ചു നടക്കാനും ഒരു എളിയ ശ്രമം നടത്തുകയാണെന്ന്‌ കൾച്ചറൽ ഫോറം തൃശ്ശുർ സംയുക്ത മണ്ഡലം സമിതി അറിയിച്ചു.പ്രദേശത്തെ സഹൃദയര്‍ തങ്ങളുടെ സാന്നിധ്യം കൊണ്ട്‌ സൗഹൃദ സം‌ഗമം ധന്യമാക്കണമെന്ന്‌ കോഡിനേറ്റര്‍ അഭ്യര്‍‌ഥിച്ചു.

മണലൂർ പ്രതിനിധി സംഗമം

ദോഹ:കൾച്ചറൽ ഫോറം മണലൂർ മണ്ഡലം പ്രതിനിധി സംഗമം നാളെ മാർച്ച് 23 വെള്ളിയാഴ്‌ച വൈകീട്ട് മ‌അമൂറയിലെ ഫാമിലി പാർക്കിൽ  നടക്കും.കൾച്ചറൽ ഫോറം സം‌സ്ഥാന - ജില്ലാ പ്രതിനിധികൾ പങ്കെടുക്കും.

ബന്ധങ്ങളിൽ ഊഷ്മളതയും പ്രവർത്തനങ്ങളിൽ ആത്മാർത്ഥതയും നാമമാത്രമായി കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തിൽ കൾച്ചറൽ ഫോറം എന്ന തലക്കെട്ടിൽ ജനക്ഷേമത്തിനും സമൂഹനന്മക്കും കര്‍‌മ്മ സരണിയില്‍ ഇറങ്ങി  തിരിച്ച സജീവരായ പ്രവര്‍‌ത്തക സം‌ഘം.യഥാർത്ഥ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഊഷ്മളത കൈമോശം വന്നിട്ടില്ല എന്ന് അടിവരയിടാനും അടയാളപ്പെടുത്താനും ഒരു ഒരു കൂടിയിരുത്തം.കൾച്ചറൽ ഫോറം മണലൂർ മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.

Wednesday, March 21, 2018

തൃശ്ശൂര്‍ യൂത്ത് അനുമോദന യോഗം

ദോഹ: ദോഹ സ്മാഷേഴ്‌സ് സംഘടിപ്പിച്ച ഖത്തര്‍ ജനറേഷന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായ തൃശ്ശൂര്‍ യൂത്ത് ക്ലബ്ബ് ടീമിനും എക്‌സ്​പാറ്റ് സ്‌പോര്‍ട്ടീവ് 18 ല്‍ മികച്ച പ്രകടനം കാഴ്ചവെച്ച ടീമിനുമുള്ള സ്വീകരണവും അനുമോദന യോഗവും നുഐജ കള്‍ച്ചറല്‍ ഫോറം ഹാളില്‍ നടന്നു.

കായിക വിഭാഗം കണ്‍വീനര്‍ അലി ഹസന്‍ അധ്യക്ഷനായിരുന്നു. ടീം മാനേജര്‍ നിഹാസ് എറിയാട് വിജയികളെ അനുമോദിച്ചു. നൗഷാദ് ഓലിയത്ത്, കായികതാരങ്ങളായ അംജദ് ഹനാന്‍, സുസ്മ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധയിനങ്ങളില്‍ വിജയികളായവര്‍ക്ക് ഉപഹാരം നല്‍കി. ടീം കോ-ഓര്‍ഡിനേറ്റര്‍ അനസ് മണലൂര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Sunday, March 18, 2018

പൊലീസ്‌ ശൗര്യം കാണിക്കേണ്ടത്‌...

കായിക ശേഷിയുള്ളവര്‍ പ്രത്യേകം പരിഗണികപ്പെടുന്ന അവസ്ഥയില്‍ നിന്നും കാര്യ ശേഷിയും സാമാന്യ ബോധവുമൂള്ളവര്‍ പരിഗണിക്കപെടുന്ന തലത്തിലേക്ക് പൊലീസ് സേന മാറേണ്ടതുണ്ട്. പൗരന്റെ മുതുകില്‍ പൊലിസിന്റെ ശൗര്യം വര്‍ദ്ധിപ്പിക്കുന്ന കോളനി തമ്പ്രാക്കന്മാര്‍ വിട്ടേച്ചു പോയ തിട്ടൂരവും എടുത്തു മാറ്റപ്പെടണം. താനൂര്‍ മുതല്‍ തലസ്ഥാന നഗരിവരെയുള്ള വര്‍ത്തമാന സംഭവ വികാസങ്ങളുടെ വെളിച്ചത്തില്‍ ഒറ്റ ശ്വാസത്തില്‍ ഉരുത്തിരിയുന്ന പ്രതികരണങ്ങളാണിവ.

കള്ളന്മാരെയും കൊള്ളക്കാരെയും കൊലപാതകികളെയും തെമ്മാടികളെയും പേടിക്കുന്ന പൊതുബോധത്തില്‍ നിന്നും ഒട്ടും ഭിന്നമല്ലാത്ത പേടി പൊലീസിനെക്കുറിച്ചും ശരാശരി ഇന്ത്യക്കാരന്‍ വെച്ചു പുലര്‍ത്തുന്നുണ്ട് എന്നു വിശ്വസിക്കാന്‍ നിര്‍ബന്ധിതമാവുന്ന കാഴ്ചകളാണ് ചുറ്റും നടന്നു കൊണ്ടിരിക്കുന്നത്. പൊതുജന ദ്രോഹികളില്‍ നിന്നും ഭാഗ്യത്തിനു രക്ഷപ്പെടുന്ന പ്രതീതി മാത്രമെ പൊലീസിന്റെ ദുഷ് പ്രഭുത്വത്തില്‍ നിന്നും രക്ഷപ്പെടുന്നുവെങ്കില്‍ മനസ്സിലാക്കപ്പെടുന്നുള്ളൂ. നാട്ടുകാരുടെ മെക്കിട്ടു കേറുന്നതില്‍ വിരോധമില്ലെന്ന തോന്നല്‍ ഈ അര്‍ധ സൈന്യത്തിനും ഒരു പക്ഷെ അവര്‍ക്കിങ്ങനെയൊക്കെ ആകാമായിരിക്കാമെന്ന ഒരു പറ്റം 'പാവപ്പെട്ടവരുടെ' തോന്നലും വലിയ വിപത്തുകള്‍ക്ക് കാരണമാകുന്നുണ്ട്. ഒരു പടികൂടെ കടന്നു പറഞ്ഞാല്‍ നാട്ടില്‍ വിലസുന്ന സാമൂഹ്യ ദ്രോഹികളേക്കാള്‍ വലിയ പാതകികള്‍ നിയമപാലകരുടെ വേഷത്തില്‍ രംഗത്തുണ്ട് എന്നു തീര്‍ത്തും സംശയിക്കേണ്ടിയിരിക്കുന്നു. നീതി ന്യായ നിയമപാലകരുടെ അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷാ ശിക്ഷണ നടപടികള്‍ നടപ്പില്‍ വരുത്താന്‍ ഇനിയും അമാന്തിച്ചുകൂടാത്തതാണ്. പൊലീസിന്റെ ശൗര്യം നഷ്ടപ്പെടുത്താതിരിക്കാന്‍ ഭരണകര്‍ത്താക്കള്‍ ശ്രമിക്കുന്നതിലൂടെ സാധാരണക്കാരുടെ വീര്യമാണ് ചോര്‍ന്നുകൊണ്ടിരിക്കുന്നത് എന്ന് ഇനിയും മനസ്സിലാക്കപ്പെടാതെ പോകരുത്.

വ്യവസ്ഥാപിത ഭരണ ക്രമം ഒരു യാന്ത്രിക രീതിയായി വളര്‍ന്നു വികസിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ഏതു രാഷ്ട്രീയ സംവിധാനം അധികാരത്തിലെത്തിയാലും വലിയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ട കാര്യമില്ല. വിശേഷിച്ച് നീതി ന്യായ നിയമപാലന രംഗത്ത്. കാരണം ലോകം മുഴുവനെന്നോണം കോളനികളാക്കിയ പാശ്ചാത്യരുടെ നെറികേടുകളുടേയും ധാര്‍ഷ്ട്യത്തിന്റേയും ഭൂത പ്രേതങ്ങളൊക്കെ തന്നെയാണ് ഈ ഇടനാഴിയിലൂടെ ഇന്നും ചൂരലുമായി മേഞ്ഞു കൊണ്ടിരിക്കുന്നത്.

ധര്‍മം അധര്‍മം എന്ന ബോധത്തേക്കാള്‍ അഹം ബോധത്തിന്റെ ശൗര്യമാണ് പ്രസ്തുത പ്രേതാത്മക്കളുടെ സംസ്‌കൃതികളുടെ സത്ത. ഇഷ്ടം പോലെ ഭുജിക്കുകയും ഭോഗിക്കുകയും ഭ്രാന്തമായി ജിവിതത്തെ ആസ്വദിക്കുകയും ചെയ്യുന്ന കോളനി പാരമ്പര്യക്കാരില്‍ അധികവും വിഹിതമായ വിവാഹ ബന്ധത്തിലൂടെ ആഗ്രഹിക്കുന്നത് പിതാവാകാനാണത്രെ. അല്ലെങ്കില്‍ മാതാവാകാന്‍. ഇതേ മാനദണ്ഡം തന്നെയായിരുന്നു രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച് അധികാരികളായപ്പോഴും സംഭവിച്ചത്. അധികാരികളായി വിരാജിക്കണം . അതിനു കുറേ ജനങ്ങള്‍ രാജ്യത്തുണ്ടായിരിക്കണം. ലോകത്തെ ഞെട്ടിപ്പിക്കുന്ന പല സംവിധാനങ്ങളും രാജ്യത്തുണ്ടാക്കും. വലിയ സൗധങ്ങളും. സൗകര്യങ്ങളുണ്ടാക്കും. സുഖവാസ കേന്ദ്രങ്ങളും ആര്‍ഭാഢങ്ങളുടെ കോട്ട കൊത്തളങ്ങളും. ഇതൊക്കെ ആസ്വദിക്കാനും അനുഭവിക്കാനും ഒരു വിഭാഗത്തിന് ചിലപ്പോള്‍ കഴിഞ്ഞെന്നു വരും. നല്ലൊരു ശതമാനത്തിന് കാഴ്ചക്കാരാകാനും.

രാജ്യത്തുടനീളം തലപൊക്കി നില്‍ക്കുന്ന കണ്ണാടി മാളികകളും കണ്ണഞ്ചിപ്പിക്കുന്ന കൃത്രിമക്കാഴ്ചകളുടെ വര്‍ണ്ണ രാജികളുമുണ്ടാകാം. ഇത്തരം മായിക പ്രപഞ്ചത്തെ ചിത്രീകരിക്കുകയും പര്‍വതീകരിച്ച് വിവരിക്കുകയും വിളമ്പുകയും ചെയ്യുന്ന രാഷ്ട്ര പുനര്‍ നിര്‍മ്മാണ നാടകങ്ങളാണ് പൊതുവെ നടന്നു കൊണ്ടിരിക്കുന്നത്. ഈ പ്രദേശങ്ങളുടെ താഴ്‌വരകളില്‍ തല ഉയര്‍ത്താന്‍ പോലും പാടില്ലെന്നു ആജ്ഞാപിക്കപ്പെട്ട അടിച്ചമര്‍ത്തപ്പെട്ടവരുണ്ടാകാം. ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ തളര്‍ന്നുറങ്ങുന്ന കുട്ടികള്‍ക്ക് കാവലിരിക്കുന്ന രക്ഷിതാക്കളുണ്ടാകാം. അടച്ചുറപ്പില്ലാത്ത ചെറ്റകളില്‍ പ്രായ പൂര്‍ത്തിയെത്തിയ പെണ്‍മക്കളുടെ മാനാഭിമാനത്തിന് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന അമ്മൂമമാരുണ്ടാകാം. അടുക്കളയില്‍ എന്തു പുകയുന്നു എന്നതിന്റെ പേരില്‍ വേട്ടയാടപ്പെട്ടവരുണ്ടാകാം. ഉടുതുണിക്ക് മറുതുണിയില്ലാത്ത കാട്ടുവാസികളും നാട്ടുവാസികളും ഉണ്ടാകാം. വിദ്യയും അഭ്യാസവും നിഷേധിക്കപ്പെട്ടവരുണ്ടാകാം. ശുദ്ധ ജലം തടയപ്പെട്ടവരും ശുദ്ധികലശത്തിന്റെ പേരില്‍ ആട്ടിയോടിക്കപ്പെട്ടവരുമുണ്ടാകാം. രാജ വീഥികള്‍ക്ക് വേണ്ടി കുടിയൊഴിക്കപ്പെട്ടവരുണ്ടാകാം. വര്‍ഗ വര്‍ണ്ണങ്ങളുടെ പേരില്‍ നടയടക്കപ്പെട്ടവരും നടുവൊടികപ്പെട്ടവരും ഉണ്ടാകാം. നീതി തേടി അലയുന്നവരുണ്ടാകാം. നിയമ സഹായത്തിന് കെഞ്ചുന്നവരുണ്ടാകാം. വ്യവസ്ഥയുടെ ദുരവസ്ഥ ചോദ്യം ചെയ്തതിന്റെ പേരില്‍ നാവറുക്കപ്പെട്ടവരും കഴുത്തറക്കപ്പെട്ടവരും ഉണ്ടാകാം. അവകാശങ്ങള്‍ക്ക് വേണ്ടി ആര്‍ത്തലച്ചു കേഴുന്ന അമ്മമാരുണ്ടാകാം. സഹോദരിമാരുണ്ടാകാം. എന്നു മാത്രമല്ല സാക്ഷാല്‍ കോളനി തമ്പ്രാക്കന്മാരുടെ പ്രേതം കേറിയ നിയമപാലകപ്പിശാചുക്കളുടെ കയ്യൂക്കിന്റെ ഈണത്തില്‍ മണ്ണില്‍ തളര്‍ന്ന് വീണവരുമുണ്ടാകാം.

ഭരണ കര്‍ത്താക്കള്‍ മാറി വരുന്നതോടെ എസ്റ്റാബ്ലിഷ്ഡ് റൂളിങ് മെക്കാനിസത്തിന് പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ല. എന്നതിനെക്കാള്‍ നിലവിലെ മെക്കാനിസത്തിനനുസരിച്ച് റൂളര്‍മാരെ മെരുക്കാന്‍ എക്‌സിക്യൂട്ടീവ് ശ്രമിക്കുന്നു എന്ന അത്യന്തം അപകടരമായ അവസ്ഥ ഗൗരവപുര്‍വ്വം നിരിക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു.

ജനാധിപത്യമെന്നാല്‍ അഞ്ചാണ്ടിലൊരിക്കല്‍ വരിനിന്നു ഇഷ്ടപ്പെട്ട ഒരു ചിഹ്നത്തില്‍ അടയാളപ്പെടുത്തുക എന്നു മാത്രം പ്രബുദ്ധരായ ജനങ്ങള്‍ മനസ്സിലാക്കിയിരിക്കണം. വര്‍ത്തമാന കാലത്ത് ഏകാധിപത്യ രാജ്യങ്ങളിലുള്ള  മിണ്ടാ പ്രാണികള്‍ക്കുള്ള വെളിവു പോലും രാജ്യനിവാസികള്‍ക്ക് ഇല്ലാതെ പോകുന്നു. തേരാളികള്‍ തങ്ങളാണെന്ന സ്വരജതിയില്‍ ഭയ ചകിതരാകേണ്ടവരല്ല ജനങ്ങള്‍. ചെങ്കോല്‍ ഏല്‍പിച്ചവര്‍ ജനങ്ങളാണെന്ന താക്കീതു നല്‍കി അധികാരികളെ വിറപ്പിക്കാന്‍ ഒരുമ്പെടുന്നവരാകണം ജനാധിപത്യ വിശ്വാസികള്‍. സേനയുടെ ബൂട്ടിന്റെ തിളക്കത്തേക്കാള്‍ പൗരന്റെ മുഖത്തെ തെളിച്ചം ആഗ്രഹിക്കുന്ന അധികാരികള്‍ക്കായി നമുക്ക് പ്രാര്‍ഥിക്കാം.

ഓണ്‍‌ലൈവിനുവേണ്ടി എഴുതിയത്

തൃശൂര്‍ മീഡിയാ പുതിയ അധ്യക്ഷന്‍

ദോഹ:തൃശൂര്‍ ജില്ലാ കള്‍‌ചറല്‍ ഫോറം മീഡിയാ വിഭാഗം അധ്യക്ഷനായി അസീസ്‌ മഞ്ഞിയിലും മീഡിയാ സെക്രട്ടറിയായി മാജിദ ഷാഹിദും നിയുക്തരായി.ജില്ലാ സെക്രട്ടറി മര്‍‌സൂഖ്‌ തൊയക്കാവിന്റെ അധ്യക്ഷതയില്‍ ജില്ലാ- സ്റ്റേറ്റ്‌ നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലായിരുന്നു പുതിയ നിയോഗം പ്രഖ്യാപിക്കപ്പെട്ടത്.

ജില്ലാ നേതാക്കളായ മൻസൂർ കിഴുപ്പിള്ളിക്കര,ഫഹദ് അബ്‌ദുല്‍ മജീദ്‌ ,അനസ് ജമാൽ , നിഷാദ് ഗുരുവായൂര്‍, സ്റ്റേറ്റ്‌ സെക്രട്ടറി മജീദ്‌ അലി എന്നിവർ വേദിയെ ധന്യമാക്കി. ഓണ്‍ ലൈന്‍ ഓഫ്‌ ലൈന്‍ മീഡിയകളും ഇതര മാധ്യമങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ പുതിയ മീഡിയാ നേതൃത്വത്തിന്‌ സാധിക്കുമെന്ന്‌ സ്റ്റേറ്റ്‌ സെക്രട്ടറി മജീദ്‌ അലി പ്രത്യാശ പ്രകടിപ്പിച്ചു.

സി.എഫ് തൃശൂര്‍
മീഡിയാ വിഭാഗം

Sunday, May 14, 2017

ഫ്രറ്റേണിറ്റി

എറണാകുളം: അപകടത്തില്‍ പെടുന്ന കുന്നിന്‍ താഴ്‌വരയിലെ കുട്ടികളെ പരിചരിക്കുന്നതിലും അവരെ പുനരധിവസിപ്പിക്കുന്നതിലും ഒരു സമൂഹം ഒരുങ്ങി പുറപ്പെടുന്നു.ആതുരാലയങ്ങളും അനുഗ്രഹ മന്ദിരങ്ങളും സന്നദ്ധ സംരം‌ഭങ്ങള്‍ വഴി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.ഇതിനിടെ ഒരാള്‍ ചോദിച്ചത്രെ.അല്ല ഈ കുട്ടികള്‍ എവിടെ നിന്നു വരുന്നു.ആരാണ്‌ ഈ കുട്ടികളെ കെണിയില്‍ വീഴ്‌ത്തുന്നത്‌.അഥവാ കുന്നിന്‍ ശിഖിരത്തില്‍ നിന്നാണെങ്കില്‍ ഈ കൊടും ക്രൂരതയ്‌ക്ക്‌ പിന്നില്‍ പ്രവര്‍‌ത്തിക്കുന്ന പാതകികളെ എന്തു കൊണ്ട്‌ നേരിട്ടു കൂടാ..

അതെ കാര്യ കാരണങ്ങളെ അന്വേഷിക്കുക എന്ന കടുപ്പമേറിയ ദൗത്യം വര്‍ത്തമാന കാലത്തിനു നഷ്ടപ്പെട്ടിരിക്കുന്നു.ഇത്തരത്തിലുള്ള ദൗത്യമാണ്‌ വെല്‍ഫെയര്‍ പാര്‍‌ട്ടി ഏറ്റെടുക്കുന്നത്.ഫ്രറ്റേണിറ്റി എന്ന വിദ്യാര്‍ഥി യുവജന വിഭാഗം ഏറ്റെടുക്കാനൊരുങ്ങുന്നത്‌.

ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ സംസ്ഥാന തല പ്രഖ്യാപനം 2017 മെയ് 13 ശനിയാഴ്ച 3 മണിക്ക് എറണാകുളം ടൗൺ ഹാളിൽ നടക്കുകയാണ്.2017 ഏപ്രിൽ 30ന് ഡൽഹി അംബേദ്കർ ഭവനിൽ നടന്ന വിദ്യാർത്ഥി - യുവജന കൺവെൻഷനിൽ വെച്ചാണ് ദേശീയ തലത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

വിവേചനപരവും ചൂഷാണാധിഷഠിതവുമായ ഇന്ത്യൻ സാമൂഹ്യാവസ്ഥയെ മാറ്റിപണിയാനും സ്വാതന്ത്ര്യവും സമത്വവും പുലരുന്ന സാമൂഹ്യനീതിയിലധിഷ്ഠിതമായ ഒരു ജനാധിപത്യ ക്രമത്തെ സൃഷ്ടിക്കാനും രാജ്യത്തിലെ വിദ്യാർഥി-യുവജനങ്ങൾ ഇനി ഫ്രറ്റേണിറ്റി മൂവ്മെന്റിൽ അണിനിരക്കും.നമുടെ രാജ്യത്ത് പുറം തള്ളലിന്റെയും പീഡനങ്ങളുടെയും കാരണങ്ങളായ ജാതി, മതം, വർഗം, ലിംഗം, ഭാഷ, ദേശം മുതലായവയുടെ പ്രശ്നങ്ങളെ അഭിമുഖികരിക്കുന്ന പുതിയ ജനാധിപത്യ രാഷട്രീയം ഫ്രറ്റേണിറ്റി മൂവ്മെന്റ് ശക്തിപ്പെടുത്തും.

സാമൂഹ്യനീതിക്ക് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ ചേരിക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് മനുഷ്യഹൃദയങ്ങളിലും കാമ്പസുകൾക്കകത്തും തെരുവിലും പുതിയ വഴിയും വെളിച്ചവും നിറവും പകർന്ന് നൽകും.

ഫ്രട്ടേണിറ്റി കേരള ഘടകം.
പ്രസിഡണ്ട്‌.
ഷഫീര്‍ ഷാ
ജനറല്‍ സെക്രട്ടറിമാര്‍
പ്രതീപ്‌ നെന്മാറ
ഷഫ്‌റിന്‍ കെ.എം
നജ്‌ദ റൈഹാന്‍
വൈസ്‌ പ്രസിഡണ്ട്‌മാര്‍.
ഷം‌സിര്‍ ഇബ്രാഹീം
ഗിരീഷ്‌ കുമാര്‍ കാവാട്ട്‌
നസ്‌റീന ഇല്യാസ്‌
സെക്രട്ടറിമാര്‍.
നിസാര്‍ കെ.എസ്‌
അനാമിക കൊയിലാണ്ടി
ജം‌ഷീര്‍ അബൂബക്കര്‍
തമന്ന തൃശൂര്‍
അജീഷ്‌ കിളിക്കോട്‌
റമീസ്‌ വേളം
അംഗങ്ങള്‍.
സാദിഖ്‌ പി.കെ മമ്പാട്‌
അഷ്‌റഫ്‌ കെ.കെ
മുജീബ് റഹ്‌മാന്‍ ആലത്തൂര്‍

Sunday, March 12, 2017

ജുനൈദ് അബൂബക്കർ മരണപ്പെട്ടു

ദോഹ:ജുനൈദ് അബൂബക്കർ ഇന്ന് പുലര്‍‌ച്ചയ്‌ക്ക് 4 മണിക്ക് മരണപ്പെട്ടു.ഖത്തറിലെ അല്‍‌മറാഇ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്‌തിരുന്ന ജുനൈദ്‌ അബൂബക്കർ കുടും‌ബ സമേതം ഖത്തറില്‍ താമസിച്ചു വരികയായിരുന്നു.ഈയിടെ രോഗ ബാധിതനായി നാട്ടില്‍ ചികിത്സയിലിരിക്കെയാണ്‌ മരണമടഞ്ഞ്‌ത്.

ഖത്തറിലെ കള്‍‌ച്ചറല്‍ ഫോറം രൂപീകരണം മുതല്‍ തൃശൂര്‍ ജില്ലാ ഫോറത്തിലെ സജീവ സാന്നിധ്യമായിരുന്നു ജുനൈദ്‌ അബൂബക്കര്‍.ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഐന്‍ ഖാലിദ്‌ കേന്ദ്രികരിച്ചുള്ള സര്‍ക്കിളിനെ പ്രതിനിധാനം ചെയ്‌ത്‌ പ്രവര്‍‌ത്തന നിരതനായിരുന്നു.ഖബറടക്കം ഇന്ന് 12.03.2017 ഞായർ ഉച്ചക്ക് 1 മണിക്ക് മാള ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ നടക്കും.

ഭാര്യ അസൂറ ജുനൈദ് (ഐൻ ഖാലിദ് വനിതാ യുണിറ്റ്), മകൻ ശമീൽ ജുനൈദ് (ഐൻ ഖാലിദ് യൂത്ത് ഫോറം), മകൾ സമീഹ ജുനൈദ് (ഐൻ ഖാലിദ് ജി.ഐ.എ യുണിറ്റ് പ്രസിഡണ്ട്) എന്നിവർ അസോസിയേഷന്‍/കള്‍ച്ചറല്‍ ഫോറം പ്രവർത്തകരാണ്.

ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍,കള്‍‌ച്ചറല്‍ ഫോറം,തൃശൂര്‍ ജില്ലാ ഇസ്‌ലാമിക് അസോസിയേഷന്‍,ഉദയം പഠന വേദി തുടങ്ങിയ പ്രവാസി സം‌ഘങ്ങളും സം‌ഘടനകളും ജുനൈദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Tuesday, January 3, 2017

സഫലമാകണം ഈ പ്രവാസം

ദോഹ:കൾചറൽ ഫോറം ഖത്തർ, "സഫലമാകണം ഈ പ്രവാസം" എന്ന ക്യാമ്പയിനിന്റെ ഭാഗമായി നാട്ടിൽ ബിസിനസ്‌ സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവർക്കായി പ്രസ്തുത വിഷയത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.

ജനുവരി 6 നു ഓയസിസ് ബീച്ച്‌ ക്ലബ്ബ് ദോഹയില്‍ വെച്ച് നടക്കുന്ന സംരഭകത്വ സംഗമത്തിൽ പ്രമുഖർ പങ്കെടുക്കുന്നു.ട്രൈനിംഗ് സെഷൻ, വിജയിച്ച ബിസിനസുകാരുടെ  അനുഭവങ്ങൾ പങ്കുവെക്കൽ, തെരഞ്ഞെടുത്ത ഡ്രീം പ്രൊജക്റ്റ്‌ അവതരണം.എന്നിങ്ങനെയുള്ള വിവിധ പരിപാടികൾ ഒരുക്കിയിരിക്കുന്നു.

വളരെ പരിമിതമായ സീറ്റിലേക്ക് പങ്കെടുക്കാൻ താൽപര്യമുള്ളവർ ഓൺലൈൻ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.

നീന്തൽ വശമില്ലാത്ത ഒരാൾ ആഴമുള്ള ആറ്റിലേക്കെടുത്തു ചാടിയാൽ? മറ്റുള്ളവരൊക്കെ നന്നായി നീന്തുന്നുണ്ടല്ലോ, ഞാൻ ചാടിയാൽ എനിക്കും നന്നായി നീന്താൻ സാധിക്കുമെന്ന ആത്മവിശ്വാസമാണു അയാളെ അതിനു പ്രേരിപ്പിച്ചതെന്നതു കൊണ്ടു മാത്രം അയാൾ രക്ഷപ്പെടുമോ? അയാൾക്ക്‌ എന്തു സംഭവിക്കുമെന്നറിയാൻ കോമൺസെൻസ്‌ മതി. പല പ്രവാസികളും അവരുടെ ബിസിനസ്‌ സംരഭങ്ങൾ തുടങ്ങുന്നത്‌ ഇതുപോലെയാണു. മറ്റുള്ളവർ വിജയിച്ചിട്ടുണ്ട്‌ എന്നതു മാത്രമാണവരുടെ ന്യായം! താൻ തുടങ്ങാൻ പോകുന്ന ബിസിനസിന്റെ ലാഭ-നഷ്ട സാധ്യതയെക്കുറിച്ച്‌ പഠിക്കുന്നതു പോകട്ടെ, ബിസിനസിന്റെ ലളിതമായ പ്രാരംഭ പാഠങ്ങൾ പോലും വശമില്ലാതെയാണു പലരും ഈ കയത്തിലേക്ക്‌ എടുത്ത്‌ ചാടുന്നത്‌. അതുകൊണ്ടാണു ഗൾഫിൽ നിന്ന് എക്സിറ്റ്‌ അടിച്ചുപോയ ആൾ രണ്ടു വർഷംകൊണ്ട്‌ തിരിച്ചുവരുന്നതു നമുക്ക്‌ നിത്യകാഴ്ചയാകുന്നത്‌.


കൂടുതൽ വിവരങ്ങൾക്ക്: 30006575 / 50900520 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Sunday, August 21, 2016

സൗഹൃദത്തിന്റെ പാലങ്ങളാകുക

ദോഹ:ഭാരതം പോലെയുള്ള വൈവിധ്യ സം‌സ്‌കാരങ്ങളുള്ള രാജ്യത്ത്‌ എല്ലാ ആഘോഷ വേളകളും പരസ്‌പര സാഹോദര്യവും സൗഹൃദവും ഊട്ടിയുറപ്പിക്കാള്ള അവസരങ്ങളായി പ്രയോജനപ്പെടുത്താന്‍ സാധിക്കണം.എങ്കില്‍ മാത്രമേ ആഘോഷങ്ങളുടെ ഗരിമയും പൊലിമയും വര്‍‌ദ്ധിക്കുകുകയുള്ളൂ.അതു വഴിയാണ്‌ സമൂഹങ്ങള്‍ തമ്മില്‍ സുദൃഢമായ പാലം രൂപപ്പെടുകയും ഉള്ളൂ.അസീസ്‌ മഞ്ഞിയില്‍ പറഞ്ഞു.കള്‍‌ച്ചറല്‍ ഫോറം ആസ്ഥാനത്ത്‌ വിളിച്ചു ചേര്‍‌ക്കപ്പെട്ട മണലൂര്‍ കള്‍‌ച്ചറല്‍ ഫോറം പ്രത്യേക യോഗത്തില്‍ അധ്യക്ഷത വഹിച്ച്‌ സം‌സാരിക്കുകയായിരുന്നു അസീസ്‌.ഫോറം ജില്ലാ സംസ്ഥന നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ വരാനിരിക്കുന്ന ഓണാഘോഷത്തെ അവിസ്‌മരണീയമാക്കാനുതകുന്ന ചര്‍‌ച്ചകള്‍ കൊണ്ട്‌ ധന്യമായി.അഡ്വ.മുഈനുദ്ധീന്‍,അബ്‌ദുല്‍ കലാം ആര്‍.വി,അലി ഹസന്‍,ഫൈസല്‍ എം.ബി,ഷംസീര്‍,അനീസ്‌ റഹ്‌മാന്‍,മര്‍സൂഖ്‌ സെയ്‌തു മുഹമ്മദ്‌ എന്നിവര്‍ ചര്‍‌ച്ചയെ സജീവമാക്കി.

ജാതി മത വര്‍‌ണ്ണ വെറിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിച്ചെടുക്കാനുള്ള കാല്‍വെപ്പുകള്‍ മനുഷ്യ സ്നേഹികളുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു.സമൂഹത്തില്‍ വൈരവും ശത്രുതയും അസഹിഷ്ണുതയും ഊഹിക്കാവുന്നതിലും ഉയരത്തില്‍ വാപൊളിച്ചു നില്‍‌ക്കുകയാണ്‌.ഇത്തരുണത്തില്‍ പരസ്‌പരം പഴിചാരി പ്രസ്‌താവനകളും ആരോഗ്യകരമല്ലാത്ത സം‌വാദങ്ങളും ഒരു സം‌സ്‌കൃത സമൂഹത്തിനു ഭൂഷണമല്ല.രാജ്യത്തെ എല്ലാ സമൂഹങ്ങളിലും ബഹു ഭുരിപക്ഷം പേരും പോരും പോര്‍ക്കളവുമായി പൊരുത്തപ്പെടുന്നവരല്ല.മറിച്ച്‌ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവരാണ്‌.പഴങ്കഥകള്‍ ഉരുവിട്ട്‌ അഭിരമിക്കുന്നതിനു പകരം ക്രിയാത്മകമായി കളത്തിലിറങ്ങി കോലം കെട്ട കാലത്തിന്റെ ജീര്‍‌ണ്ണിച്ച ഭാവം മാറ്റിയെടുക്കാന്‍ പരിശ്രമിക്കണം.ഇതിനു കഴിയുന്ന ഏതു അവസരവും ഉപയോഗപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ കര്‍മ്മങ്ങളില്‍ ജാഗരൂകരാകുകയും വേണം.യോഗം വിലയിരുത്തി.

വരാനിരിക്കുന്ന ഓണാഘോഷവുമായി ബന്ധപ്പെട്ട്‌ സംഘടിപ്പിക്കാനിരിക്കുന്ന സുഹൃദ്‌ സം‌ഗമത്തിന്റെ കാര്യ ദര്‍‌ശിയായി ഫൈസല്‍ എം.ബിയെ യോഗം ഉത്തരവാദപ്പെടുത്തി.രണ്ടാഴ്‌ചയ്‌ക്ക്‌ ശേഷം അടുത്ത സിറ്റിങ് നടത്താമെന്ന തീരുമാനത്തോടെ യോഗം സമാപിച്ചു.

Sunday, August 14, 2016

കുഴിച്ചു മൂടപ്പെട്ടതു വിത്തുകളാണ്‌

ദോഹ: കഴിഞ്ഞ ദിവസം കള്‍ച്ചറല്‍ ഫോറം സം‌ഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സമ്പന്നമായ ആശയ സംവാദം കൊണ്ട്‌ ധന്യമായിരുന്നു.അറിഅയപ്പെടുന്ന മാധ്യമ പ്രവര്‍‌ത്തകന്‍ പ്രദീപ്‌ മേനോന്‍,സാമൂഹിക സാംസ്‌കാരിക മാധ്യമ രാഷ്‌ട്രീയ രം‌ഗത്തെ നിറ സാന്നിധ്യമായ പ്രഗത്ഭ വ്യക്തിത്വങ്ങള്‍,സാദിഖ്‌ അലി,അതീഖ്‌ റഹ്‌മാന്‍,ഗോപിനാഥ്‌,ലുസിയ എബ്രഹാം എന്നിവര്‍ ചര്‍‌ച്ചയെ സജിവമാക്കി.ചരിത്ര പുസ്‌തകങ്ങള്‍ വായിച്ചറിഞ്ഞ ചരിത്ര വായന പൂര്‍‌ണ്ണമായിക്കൊള്ളനമെന്നില്ല.കാരണം രചയിതാക്കളുടെ താല്‍‌പര്യങ്ങള്‍ ചരിത്രത്താളുകളില്‍ സ്വാധിനം ചെലുത്തുന്നുണ്ട്‌ എന്ന നിരീക്ഷണത്തെ പ്രദിപ്‌ മേനോന്‍ അടിവരയിട്ടു.അഹിം‌സയിലൂന്നിയ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ എന്ന പൊതു ബോധം തുടര്‍‌ച്ചയായ വായനയിലൂടെ അരക്കെട്ടുറപ്പിക്കുമ്പോള്‍ ക്രൂരമായ പീഢനങ്ങള്‍ക്കൊടുവില്‍ വീര മൃത്യു വരിച്ച മഹാ രഥന്മാര്‍ വിസ്‌മൃതിയിലാകാന്‍ കാരണമാകുമെന്നും പ്രദീപ്‌ മേനോന്‍ ആശങ്ക പ്രകടിപ്പിച്ചു.വര്‍‌ത്തമാന കാല ഇന്ത്യന്‍ രാഷ്‌ട്രീയത്തെക്കുറിച്ച്‌ വ്യാകുലതകള്‍ ഒട്ടേറെയുണ്ടെങ്കിലും ഇത്തരം അവസ്ഥാ വിശേഷത്തിനുള്ള കളമൊരുമൊരുക്കപ്പെട്ട സാഹചര്യത്തെക്കുറിച്ചു കൂടെ ചിന്തിക്കേണ്ടതുണ്ടെന്നു ഒര്‍‌മ്മിപ്പിക്കപ്പെട്ടു.ഇത്തരം ചര്‍ച്ചകള്‍ യഥാവിധി ഇപ്പോഴും പുരോഗമിക്കുന്നില്ലെന്ന ദുഖ സത്യവും പങ്കുവെയ്‌ക്കപ്പെട്ടു. വിവിധ സംസ്‌കാരങ്ങള്‍ തമ്മില്‍ മാത്രമല്ല ഒരോ കുടും‌ബത്തിലും കെട്ടും മട്ടും ഇഴയടുപ്പവും നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ്‌ നമ്മുടെ സഞ്ചാരം.ലുസിയ എബ്രഹാം പറഞ്ഞു.എന്നിരുന്നാലും പ്രതീക്ഷ നഷ്‌ടപ്പെടുത്തേണ്ട കാര്യമൊന്നും ഇല്ല എന്നു സദസ്സിനെത്തെന്നെ ഉദാഹരിച്ചു കൊണ്ട്‌ ലൂസിയ വിശദീകരിച്ചു.

അസഹിഷ്‌ണുതയും അക്രമ പരമ്പരകളും ഇന്ത്യന്‍ സാഹചര്യത്തില്‍ പുതുമയുള്ളതൊന്നും അല്ല.എന്നാല്‍ ക്രിമനുകള്‍ക്ക്‌ അഴിഞ്ഞാട്ടം നടത്താന്‍ ഏറെ പാകപ്പെട്ട കാലാവസ്ഥ രൂപപ്പെട്ടത് നിഷേധിക്കാനാവില്ല.ഗോപാലന്മാരോട്‌ തന്റെ നെഞ്ചിലേയ്‌ക്ക്‌ നിറയൊഴിക്കാന്‍ പറയുന്നത്ര നിസ്സഹായനാണ്‌ നമ്മുടെ പ്രധാനമന്ത്രി.കുറ്റകൃത്യങ്ങളില്‍ ഏര്‍‌പെടുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരുന്നതിനു പകരം സഹതാപ നാടകം കളിക്കുകയാണ്‌ നമ്മുടെ പ്രധാനി.അദ്ധേഹം ആരോപിച്ചു. ഏക ശിലാ സംസ്‌കാരത്തെ അധികാരവും ശക്തിയുമുപയോഗിച്ചു നടപ്പാക്കാനുള്ള ഗൂഢ ശ്രമങ്ങളുടെ പരിസമാപ്‌തിയിലാണ്‌ ഭാരതം.ഭരണ കര്‍ത്താക്കളേയും നേതൃത്വത്തേയും വിമര്‍‌ശിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന നിലപാട്‌ ഇതിലേയ്‌ക്കാണ്‌ വിരല്‍ ചൂണ്ടുന്നത്.ഭരണ പക്ഷത്തെ ചോദ്യം ചെയ്യുന്നതിനെ രാജ്യ സ്‌നേഹമില്ലായ്‌മയായി ചിത്രീകരിക്കുന്ന ലജ്ജാകരമായ നിലപാടും ഉയര്‍‌ന്നു കേള്‍‌ക്കുന്നുണ്ട്‌.തങ്ങളുടെ സ്വാര്‍ഥ താല്‍‌പര്യത്തിനു വേണ്ടി അധികാരത്തിലിരുന്നു പോലും കൊല്ലും കൊലയും കൊള്ളിവെയ്പ്പും വരെ നടത്താനുള്ള പദ്ധതികള്‍ ആസുത്രണം ചെയ്യുന്നവരെ ഇന്ത്യന്‍ ജനത തിരസ്‌കരിക്കുക തന്നെ ചെയ്യും.അതിന്റെ മണി മുഴങ്ങിക്കേള്‍ക്കുന്നുണ്ട്‌.

നിങ്ങള്‍ കുഴിച്ചുമൂടി എന്നനുമാനിക്കുന്നതൊന്നും നശിക്കുകയില്ല.കാരണം അതൊന്നും അലിഞ്ഞില്ലാതാകാനുള്ളതല്ല.പടര്‍‌ന്നു പന്തലിക്കാനുള്ള വട വൃക്ഷങ്ങളുടെ വിത്തുകളാണ്‌ എന്ന ഫ്രഞ്ച്‌ പഴമൊഴി ഉദ്ധരിച്ചു കൊണ്ട്‌ താജ്‌ വാചലനായി.ഒരു പുതിയ യുഗത്തിനു നാന്ദി കുറിക്കാനായെന്നും അതിനുള്ള പണിപ്പുരയില്‍ സഹകരിക്കാന്‍ എല്ലാ സഹൃദയരും ബാധ്യസ്ഥരാണെന്നും ഒര്‍മ്മിപ്പിച്ചു കൊണ്ട്‌ ചര്‍ച്ച സാമാഹരിച്ചു.

Wednesday, August 10, 2016

സ്വാതന്ത്ര്യ ദിനാഘോഷം

ദോഹ:അസഹിസ്ഷ്‌ണുതയുടെ കാലത്ത്‌ നമുക്ക്‌ സ്വാതന്ത്ര്യത്തെ കുറിച്ച്‌ സംസാരിക്കാം.കള്‍‌ച്ചറല്‍ ഫോറം ഒരുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ സദസ്സ്‌.ആഗസ്റ്റ്‌ 12 ന്‌ വൈകുന്നേരം 7ന്‌ നുഐജയിലെ കള്‍‌ച്ചറല്‍ ഫോറം ആസ്ഥാനത്തൊരുക്കുന്ന സം‌വാദ സദസ്സില്‍ പ്രമുഖര്‍ പങ്കെടുക്കുന്നു.
ലൂസിയ എബ്രഹാം,പ്രദീപ്‌ മേനോന്‍,ഗോപിനാഥ്‌ കൈന്താര്‍,സാദിഖ്‌ അലി,ടിജോ തോമസ്‌,അത്വീഖു റഹ്‌മാന്‍,എന്നിവരാണ്‌ സദസ്സിനെ ധന്യമാക്കുന്നവര്‍.താജ്‌ ആലുവ മോഡറേറ്ററായിരിയ്‌ക്കും.കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു.